‘റീ ഇമാജിനിങ് കേരളം’: മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം

‘റീ ഇമാജിനിങ് കേരളം’:

കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ സംഗമമായ ‘റീ ഇമാജിനിങ് കേരളം’ ഐ.ഐ.എം. കോഴിക്കോട് ക്യാമ്പസിൽ ആരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് സംഘടിപ്പിക്കുന്ന ശില്പശാലക്ക് രാവിലെ 9 ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിലവിളക്ക് കൊളുത്തിയാണ് തുടക്കമായത്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ചീഫ് സെക്രട്ടറി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും ആദ്യദിനത്തിലെ സെഷനുകളിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ നേതൃത്വം, ഐ.ഐ.എം. കോഴിക്കോട് അധ്യാപകർ, ദേശീയ-അന്തർദേശീയ വിദഗ്ധർ എന്നിവർ ഒത്തുചേർന്ന സംഗമത്തിൽ കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന വിവിധ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.

ഐ.ഐ.എം. കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി അവതരിപ്പിച്ച ‘നിർമിതബുദ്ധിയുടെ കാലത്തെ പരിവർത്തനാത്മക നേതൃത്വം: ലക്ഷ്യബോധത്തോടെയും ഫലപ്രാപ്തിയോടെയും ജനങ്ങളെ പങ്കാളികളാക്കുക’ എന്ന വിഷയത്തിലുള്ള സെഷനോടെയാണ് ആദ്യദിനത്തിലെ ചർച്ചകൾക്ക് തുടക്കമായത്. ഐ.ഐ.എം. കോഴിക്കോട് ഡീൻ പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ സെഷൻ ഏകോപിപ്പിച്ചു.

നിർമിതബുദ്ധിയും ഭരണനിർവഹണവും, ആരോഗ്യരംഗവും ക്ഷേമവും, കാലാവസ്ഥാ പ്രതിരോധശേഷിയും ദുരന്തനിവാരണവും, ജനസംഖ്യയിലെ വയോജന വർധനയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക സാധ്യതകളും കേരളത്തിന്റെ ഭാവിയിലെ സാമ്പത്തിക അവസരങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ആദ്യദിനത്തിലെ ചർച്ചകളിൽ ഇടം നേടി. ‘കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയർത്തുക’ എന്ന വിഷയത്തിൽ നടന്ന പ്രത്യേക സെഷനിൽ ചെന്നൈ അരവിന്ദ് കണ്ണാശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരവിന്ദ് ശ്രീനിവാസൻ നേതൃത്വം നൽകി. ആരോഗ്യരംഗത്ത് കേരളത്തിനുള്ള മികച്ച അടിസ്ഥാനസൗകര്യങ്ങളും മാനവവിഭവശേഷിയും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ആരോഗ്യ-ക്ഷേമ വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ സെഷനിൽ ചർച്ച ചെയ്തു.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അപകടസാധ്യതകൾ നേരിടുന്നതിനും ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള സമൂഹാധിഷ്ഠിത തയ്യാറെടുപ്പുകൾ സംബന്ധിച്ച അന്തർദേശീയ അനുഭവങ്ങളും സംഗമത്തിൽ ചർച്ചയായി. ‘അപകടസാധ്യതകൾക്കൊപ്പം ജീവിക്കുക: കാലാവസ്ഥാ പ്രതിരോധശേഷിയും സമൂഹത്തിന്റെ തയ്യാറെടുപ്പും – ജപ്പാനിൽ നിന്നുള്ള കാലാവസ്ഥാ വ്യതിയാന അനുകൂലനത്തിന്റെയും സമൂഹാധിഷ്ഠിത ദുരന്തനിവാരണത്തിന്റെയും പാഠങ്ങൾ’ എന്ന വിഷയത്തിൽ ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫസർ ഡോ. രാജീബ് ഷാ, ഐ.ഐ.എം. കോഴിക്കോട് പ്രൊഫ. അനുപം ദാസ് എന്നിവർ നേതൃത്വം നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടുന്നതിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ജപ്പാനിലെ അനുഭവങ്ങളിൽനിന്ന് കേരളത്തിന് സ്വീകരിക്കാവുന്ന മാതൃകകളും ചർച്ച ചെയ്തു.

‘നയങ്ങളിൽനിന്ന് പെരുമാറ്റത്തിലേക്ക്: ഫലപ്രദമായ ഭരണനിർവഹണത്തിന്റെ ശാസ്ത്രം’ എന്ന വിഷയത്തിലുള്ള സെഷനിൽ സർക്കാർ നയങ്ങളും തീരുമാനങ്ങളും സമൂഹതലത്തിൽ സുസ്ഥിരമായ മാറ്റങ്ങളായി രൂപാന്തരപ്പെടുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. കിംഗ്സ് കോളജ് ലണ്ടനിലെ ഡോ. സഞ്ചയൻ ബാനർജി, ഐ.ഐ.എം. കോഴിക്കോട് പ്രൊഫ. സിദ്ധാർഥ് പാധി എന്നിവർ സെഷൻ നയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സമീപനങ്ങളും വിവിധ രാജ്യങ്ങളിലെ മികച്ച മാതൃകകളും ചർച്ചയുടെ ഭാഗമായി.

കേരളത്തിലെ വർധിച്ചുവരുന്ന ആയുർദൈർഘ്യവും വയോജന ജനസംഖ്യയും സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക സാധ്യതകളെക്കുറിച്ച് ‘കേരളത്തിന്റെ വയോജന സമ്പദ്‌വ്യവസ്ഥാ ദൗത്യം’ എന്ന വിഷയത്തിലും ചർച്ച നടന്നു. ഐ.ഐ.എം. കോഴിക്കോട് പ്രൊഫ. ദീപ സേഥി, പ്രൊഫ. പ്രിയ നായർ രാജീവ് എന്നിവർ സെഷന് നേതൃത്വം നൽകി. വയോജന സമൂഹത്തിന്റെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനൊപ്പം അവരുടെ അനുഭവസമ്പത്തും കഴിവുകളും സാമ്പത്തിക വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളും സെഷനിൽ വിലയിരുത്തി.

അഞ്ച് മണിക്കൂറിലേറെ നീണ്ട വിവിധ സെഷനുകളിൽ മന്ത്രിമാർ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും കേരളത്തിന്റെ ദീർഘകാല വികസനത്തിൽ അവയുടെ സാധ്യതകൾ വിലയിരുത്തുകയും ചെയ്തു. ഭരണപരമായ ദൈനംദിന മുൻഗണനകൾക്കപ്പുറം കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കൂട്ടായും തന്ത്രപരമായും ചിന്തിക്കാനുള്ള വേദിയാണ് സംഗമം ഒരുക്കിയത്. ആശയങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവെച്ച് അവയെ പ്രായോഗികവും ഫലപ്രദവുമായ വികസന ഇടപെടലുകളാക്കി മാറ്റുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം.

നാളെ (സെപ്റ്റംബർ 5) നടക്കുന്ന രണ്ടാംദിനത്തിൽ കേരളത്തിന്റെ സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തൽ, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലെ കേരളത്തിന്റെ സ്ഥാനം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായും ചർച്ച ചെയ്യും. ‘കേരളത്തിന്റെ സാമ്പത്തികവും ധനകാര്യപരവുമായ അടിത്തറ പുനർനിർമിക്കുക’, ‘തൊഴിൽ തേടുന്നവരിൽനിന്ന് തൊഴിൽ നൽകുന്നവരിലേക്ക്: അതിവേഗ സാങ്കേതിക മാറ്റങ്ങളുടെ കാലത്തെ കേരളത്തിന്റെ സംരംഭകത്വ-നൈപുണ്യ വികസന അജണ്ട’, ‘ഉന്നത വിദ്യാഭ്യാസത്തിലെ മികവിലേക്ക്: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യസ്ഥാനമാക്കുക’, ‘തലമുറമാറ്റത്തെ കൈകാര്യം ചെയ്യുകയും കേരളത്തിന് ആഗോള ബ്രാൻഡ് പദവി സൃഷ്ടിക്കുകയും ചെയ്യുക’ തുടങ്ങിയ വിഷയങ്ങളിലാണ് രണ്ടാംദിനത്തിലെ സെഷനുകൾ. ദ്വിദിന തന്ത്രപ്രധാന നേതൃത്വ സംഗമത്തിന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രിമാർക്ക് ഐ.ഐ.എം. കോഴിക്കോട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

ആധുനിക മാനേജ്മെന്റ് ചിന്ത, അക്കാദമിക ഗവേഷണം, അന്തർദേശീയ അനുഭവങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നിർണായക വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് കൂട്ടായ ആശയവിനിമയത്തിനും തന്ത്രപരമായ ആസൂത്രണത്തിനും വേദിയൊരുക്കുകയാണ് ‘കേരളത്തെ പുനർസങ്കൽപ്പിക്കുക’ എന്ന നേതൃത്വ സംഗമം. കേരളത്തിന്റെ വികസനത്തിന് പുതിയ സാധ്യതകളും ദിശകളും കണ്ടെത്തുന്നതിനും ആശയങ്ങളെ ഫലപ്രദമായ പ്രവർത്തനങ്ങളാക്കി മാറ്റുന്നതിനും സംഗമം വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!