‘റീഇമാജിനിങ് കേരളം’ സെപ്റ്റംബർ നാലിനും അഞ്ചിനും കോഴിക്കോട് ഐ.ഐ.എം. ക്യാമ്പസിൽ

കോഴിക്കോട്: കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവി വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ഐ.ഐ.എം കോഴിക്കോട് സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ ശിൽപശാലയായ ‘റീഇമാജിനിങ് കേരളം’ സെപ്റ്റംബർ 4, 5 തീയതികളിൽ ഐ.ഐ.എം.കെ ക്യാമ്പസിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കും.
കൃത്രിമബുദ്ധി, കാലാവസ്ഥാ പ്രതിരോധം, പൊതുജനാരോഗ്യം, വയോജന സമൂഹം, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്യും.
ഐ.ഐ.എം.കെ അധ്യാപകരോടൊപ്പം ജപ്പാനിലെ കിയോ സർവകലാശാല, കിംഗ്സ് കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും സെഷനുകൾ നയിക്കും. കേരളത്തിന്റെ ഭാവിക്കായി ദീർഘകാല കാഴ്ചപ്പാടും തന്ത്രപരമായ ദിശയും രൂപപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.












