പ്രഥമ ഗുരു ചേമഞ്ചേരി പുരസ്‌കാരം കലാ മണ്ഡലം ബാലസുബ്രഹ്മണ്യന്

കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ ഗുരു ചേമഞ്ചേരി പുരസ്‌കാരം കഥകളി വേഷം കലാകാരനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ആശാന് നല്‍കാന്‍ പുരസ്‌കാര നിര്‍ണ്ണയത്തിനുള്ള ജൂറി നിര്‍ദ്ദേശിച്ചു. ഗുരുവിന്റെ ജന്മനാളില്‍ കഥകളി വിദ്യാലയത്തില്‍ നടന്ന പിറന്നാളാഘോഷ വേളയില്‍ കാനത്തില്‍ ജമീല എം എല്‍ എ പുരസ്‌കാര ജേതാവിന്റെ പേര് പ്രഖ്യാപിച്ചു.

ആഗസ്റ്റ് ആദ്യവാരം കൊയിലാണ്ടിയില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര വിതരണം നടക്കുന്നത്. ക്യാഷ് അവാര്‍ഡിന് പുറമെ ആര്‍ടിസ്റ്റ് മദനന്‍ രൂപകല്പന ചെയ്ത ശില്പം, പ്രശംസാ പത്രം എന്നിവയും ജേതാവിന് സമ്മാനിക്കും. പ്രഥമ പുരസ്‌കാരത്തിനായി പരിഗണിച്ചത് കഥകളി വേഷം കലാകാരനെയാണ്. ഡോ. എം. ആര്‍ രാഘവ വാരിയര്‍, കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍, മദന്‍ കെ. മേനോന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഗുരു ചേമഞ്ചേരിയുടെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കലാകാരന് പുരസ്‌കാരം സമ്മാനിക്കാനാണ് കഥകളി വിദ്യാലയം പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ളത്. ഗുരുവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പുരസ്‌കാര പ്രഖ്യാപന സമ്മേളനത്തില്‍
ഡോ. എം. ആര്‍. രാഘവ വാരിയര്‍, ഗുരു പൂജാ പുരസ്‌കാര ജേതാവ് ശിവദാസ് ചേമഞ്ചേരി, ചെങ്ങോട്ടു കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. ടി. എം. കോയ, യു. കെ. രാഘവന്‍ മാസ്റ്റര്‍ കഥകളി വിദ്യാലയം ഭാരവാഹികളായ ഡോ. എന്‍. വി. സദാനന്ദന്‍, പ്രിന്‍സിപ്പാള്‍ കലാമണ്ഡലം പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!