Tuesday, September 1, 2026

Primeedition

Real news on-time

‘ഫ്യൂച്ചര്‍ കാലിക്കറ്റ് 360’: കോഴിക്കോടിന്റെ വികസനക്കുതിപ്പിന് പുതിയ കാഴ്ചപ്പാട്; വികസന കോണ്‍ക്ലേവ് ശ്രദ്ധേയമാകുന്നു

കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ കാലിക്കറ്റ് 360’ വികസന കോണ്‍ക്ലേവ് നഗരവികസനത്തിലേക്കുള്ള പുതിയ ചുവടുവെപ്പായി. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസവും ആരോഗ്യവും, സമ്പദ് വ്യവസ്ഥയും വ്യവസായവും, ഐ.ടിയും ഭാവി സാങ്കേതികവിദ്യയും, ടൂറിസവും സംസ്‌കാരവും, കാര്‍ഷിക-സാമൂഹിക പുരോഗതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചയും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖയൊരുക്കലും കോണ്‍ക്ലേവില്‍ നടന്നു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കല്‍, ആധുനിക നഗരാസൂത്രണം, ശാസ്ത്രീയ അഴുക്കുചാല്‍ സംവിധാനങ്ങള്‍ എന്നിവയും സമ്പദ് വ്യവസ്ഥയും വ്യവസായവും മേഖലയില്‍ പ്രാദേശിക സംരംഭകത്വം, തൊഴിലവസരങ്ങള്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ (MSME) പ്രോത്സാഹനം എന്നിവയും ടൂറിസവും സംസ്‌കാരവും മേഖലയില്‍ കോഴിക്കോടിന്റെ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തല്‍, മെച്ചപ്പെട്ട ആരോഗ്യ പരിപാലന സംവിധാനങ്ങള്‍, പുതിയ കാലഘട്ടത്തിനനുയോജ്യമായ വിവര സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം, കര്‍ഷകര്‍ക്കും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമെല്ലാം പ്രയോജനപ്പെടുന്ന വികസന മാതൃകകള്‍ എന്നിവയും കോണ്‍ക്ലേവില്‍ ചര്‍ച്ചയായി.

കോഴിക്കോടിന്റെ ചരിത്രവും പാരമ്പര്യവും ഭൂമിശാസ്ത്രവും സാംസ്‌കാരികത്തനിമയും സാഹിത്യവും കലയും സംഗീതവും രുചിവൈവിധ്യങ്ങളുമെല്ലാം കോര്‍ത്തിണക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കോണ്‍ക്ലേവ് മുന്നോട്ടുവെച്ചത്. സ്ത്രീകളുടെയും മത്സ്യത്തൊഴിലാളികളുടെയും ഉന്നമനത്തിനും കമ്യൂണിറ്റി കിച്ചണിനുമുള്ള പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!