സ്വിറ്റ്സര്‍ലാന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീനയും നോര്‍വേയെ വീഴ്ത്തി ഇംഗ്ലണ്ടും സെമിഫൈനലില്‍

സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്തത്. പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തിയാണ് അര്‍ജന്റ്റീന തങ്ങളുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ മെസിയുടെ കോര്‍ണര്‍ കിക്കില്‍ നിന്നും മക് അലിസ്റ്റര്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അറുപത്തിയേഴാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് വേണ്ടി ഡാന്‍ ന്‍ഡോയെ സമനില ഗോള്‍ നേടി.

എന്നാല്‍ മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡ് താരം ബ്രീത് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ പുറത്തുപോവേണ്ടിവന്നു. തുടര്‍ന്ന് പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സര്‍ലന്‍ഡ് പൂര്‍ണ്ണമായും പ്രതിരോധത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ വിജയഗോളിന് വേണ്ടി അര്‍ജന്റീനയ്ക്ക് 112 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

സ്വിസ് പ്രതിരോധ മതില്‍ ഭേദിച്ചുകൊണ്ട് മെസി തൊടുത്ത കിക്ക് ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയെങ്കിലും കൃത്യമായൊരു ലോങ്ങ് ഷോട്ടിലൂടെ ഹൂലിയന്‍ അല്‍വാരസ് പന്ത് വലയിലെത്തിച്ചു. കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ കൗണ്ടര്‍ അറ്റാക്കിലൂടെ നടത്തിയ മുന്നേറ്റം സ്വിസ്സ് ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയെങ്കിലും ലൗത്താരോ മാര്‍ട്ടിനസ് ഒരൊറ്റ ടച്ചിലൂടെ പന്ത് വലയിലെത്തിച്ചു. തുടരെത്തുടരെ മൂന്നാം മത്സരത്തിലാണ് അര്‍ജന്റീന അവസാന നിമിഷം ഗോള്‍ നേടി വിജയിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം സെമിയിലേക്കാണ് ഇതോടെ അര്‍ജന്റീന എത്തിയിരിക്കുന്നത്. യൂറോപ്യന്‍ വമ്പന്മാരായ ഇംഗ്ലണ്ട് ആണ് സെമിയില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ശക്തരായ സ്‌പെയിനും ഫ്രാന്‍സും തമ്മിലാണ് മത്സരം.

നോര്‍വേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ജൂഡ് ബില്ലിങ്ഹാം ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോള്‍ ഷെല്‍ഡ്രപ്പ് നോര്‍വേയുടെ ഗോള്‍ നേടി.

മയാമി സ്റ്റേഡിയത്തിലാണ് നോര്‍വേ ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം നടന്നത്. മത്സരത്തില്‍ തുടക്കത്തില്‍ ഇരു ടീമുകളും ആക്രമിച്ച് തന്നെയാണ് തുടങ്ങിയത്. എന്നാല്‍ 36 മിനിറ്റില്‍ ആന്ദ്രേയസ് ഷെല്‍ഡ്രപ്പ് നോര്‍വേയുടെ ഓപ്പണിങ് ഗോള്‍ നേടി. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ജൂഡ് ബില്ലിങ്ഹാം ഇംഗ്ലണ്ടിനെ സമനിലയില്‍ എത്തിച്ചു. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയി. തുടര്‍ന്ന് 93 മിനിറ്റില്‍ ജൂഡ് ബില്ലിങ്ഹാം തന്നെ ഇംഗ്ലണ്ടിനെ മുന്നെലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!