കണ്ണൂർ നഗരത്തിൽ വൻ മോഷണം

കണ്ണൂർ:  ജനങ്ങളെയും വ്യാപാരികളെയും ഭീതിയിലാഴ്ത്തി കണ്ണൂർ നഗരത്തിൽ വൻ മോഷണം. പ്രസ് ക്ലബ് റോഡിലെ ഏഴ് വ്യാപാരസ്ഥാപനങ്ങളിലും പയ്യാമ്പലത്തെ കഫെയിലുമാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. റോഡരികിലുള്ള തൂണിലൂടെ കയറി കടകളുടെ ഇരുമ്പ് ഷീറ്റ് പാകിയ മേൽക്കൂര തെന്നിമാറ്റി അതുവഴിയാണ് അകത്തേക്ക് കടന്നത്. എല്ലാ കടകളിലും സമാനമായ രീതിയിലാണ് മോഷണം. പണം, തുണികൾ, വാച്ച്, മൊബൈൽ ഫോണുകൾ, ഉപകരണങ്ങൾ എന്നിവ മോഷണം പോയി.

കെ. രതീഷിന്റെ പച്ചക്കറിക്കട, ടി.കെ.സമീറിന്റെ ഫാഷൻ ജെന്റ്സ്, ജനാർദനന്റെ ടൈം ടു ടൈം, സുന്ദരന്റെ ഇരുമ്പ് സാധനങ്ങൾ വില്പന നടത്തുന്ന കട, നവാസിന്റെ താജു മൊബൈൽ, അനസിന്റെ സൈബാസ് ഫൂട് വെയർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

സമീറിന്റെ കടയിൽനിന്നും സഹോദരസ്ഥാപനത്തിൽ നിന്നും ആറ് വാച്ചുകളും മോഷണം പോയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

പയ്യാമ്പലത്ത് റെഡ് ക്രോസ് റോഡിലെ വൈൽ‌ഡ് കഫെയുടെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് കാഷ് കൗണ്ടറിൽ സൂക്ഷിച്ച 1,02,000 രൂപ കവർന്നു. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മാസ്ക് ധരിച്ചെത്തിയ മോഷ്ടാവ് വൈൽ‌ഡ് കഫെയുടെ പിറകുവശത്ത് ഉണ്ടായിരുന്ന തൂമ്പ ഉപയോഗിച്ചാണ് വാതിൽ തകർത്തത്. കവർച്ചയ്ക്ക് ശേഷം ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും വൈൽ‌ഡ് കഫെയിൽ മോഷണം നടന്നിരുന്നു.

ടൗൺ പോലീസും വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കവർച്ച നടന്ന സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തി. സംഭവമറിഞ്ഞ് ടി.ഒ. മോഹനൻ എം.എൽ.എ, മേയർ പി. ഇന്ദിര തുടങ്ങിയവർ സ്ഥലത്തെത്തി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!