സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു

രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയതിന് ശേഷമാണ് സാധാരണ ജനങ്ങള്‍ക്കുള്ള മറ്റൊരു ഇരുട്ടടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനവും.

2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് വീണ്ടും വെട്ടിച്ചുരുക്കി വെറും നാലാക്കിയിരിക്കുന്നത്. 14.2 കിലോഗ്രാം എല്‍പിജി റീഫില്‍ ചെയ്യുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴും 700 രൂപയും, പെട്രോളിന് ലിറ്ററിന് 6 രൂപയും, ഡീസലിന് 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് ഞായറാഴ്ച വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 913 രൂപയായിരുന്നത് 942 രൂപയും കൊല്‍ക്കത്തയില്‍ 939 രൂപയായിരുന്ന സിലിണ്ടറിന് ഇനി 968 രൂപയുമാക്കിയിരുന്നു. മുംബൈയില്‍ 912 രൂപയായിരുന്നിടത്ത് 941 രൂപയായി മാറി.. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ വിലവര്‍ധന. ഇത്രയൊക്കെ വില വര്‍ധിപ്പിച്ചിട്ടും തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ വല്ലാത്ത പ്രയാസമാണെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. വാണിജ്യ സിലിണ്ടര്‍ വില കുത്തനെ കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും കുതിച്ചുയരുകയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!