


കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ കണക്കുകളിൽ പാലക്കാട് ഡിവിഷനിൽ ഏറ്റവും മുന്നിൽ കോഴിക്കോട്. 2025-26 സാമ്പത്തിക വർഷത്തിൽ ടിക്കറ്റിനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ മൂന്ന് സ്റ്റേഷനുകളുടെ പട്ടികയിലാണ് കോഴിക്കോട് ജില്ല ഇടം പിടിച്ചിരിക്കുന്നത്.സംസ്ഥാന തലത്തിൽ മൂന്നാമതാണ് കോഴിക്കോട് സ്റ്റേഷന്റെ സ്ഥാനം. 218.63 കോടി രൂപയാണ് കോഴിക്കോട് ജില്ലയുടെ വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 28.51 കോടി രൂപയുടെ വർധനവാണ് കോഴിക്കോട് നേടിയിരിക്കുന്നത്. ജില്ലയിലെ രണ്ട് പ്രധാന സ്റ്റേഷനുകളായ കൊയിലാണ്ടിയിൽ 21.95 കോടി രൂപയും വടകരയിൽ 31.10 കോടിയുമാണ് വരുമാനം.വരുമാനത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുമ്പോയും മറ്റു ഡിവിഷനുകളേക്കാൾ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിൽ ഏറെ പിന്നിലാണ് മലബാർ. തിരുവനന്തപുരം ഡിവിഷനുകളേ അപേക്ഷിച്ച് പാലക്കാട് ഡിവിഷനിൽ കോഴിക്കോട് വഴി ട്രെയിൻ സർവ്വീസുകളുടെ എണ്ണം വളരെ കുറവാണ്. പാലക്കാട് ഡിവിഷനുകളിലെ മൂന്ന് സ്റ്റേഷനുകളും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
രണ്ട് വർഷക്കാലമായി സ്റ്റേഷൻ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏറെ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുന്ന സ്റ്റേഷനാണ് കോഴിക്കോട്. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായാൽ വരുമാനത്തിന്റെ കാര്യത്തിൽ കുതിച്ചുച്ചാട്ടത്തിനുൾപ്പടെ സാധ്യതയുണ്ടെങ്കിലും യാത്രക്കാർക്ക് അനുയോജ്യമായ സമയങ്ങളിൽ ട്രെയിനുകളുടെ കുറവുണ്ട്.
വന്ദേഭാരത് ഉൾപ്പടെ ട്രെയിനുകളും കൂടുതൽ മെമു സർവ്വീസുകളും കോഴിക്കോട് റൂട്ടിൽ അനുവദിച്ചാൽ കൂടുതൽ യാത്രക്കാർ ഉൾപ്പടെ റെയിൽവേയെ ആശ്രയിക്കും. തിരുവനന്തപുരം ജില്ലയാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്്റ്റേഷൻ. 319.21 കോടിയാണ് തിരുവനന്തപുരം സ്റ്റേഷനിലെ വരുമാനം. രണ്ടാമത് എറണാകുളം ജങ്ഷനാണ്. 267.50 കോടി രൂപയാണ് ഈ സ്റ്റേഷനിലെ വരുമാനം.
.





