നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടായേക്കുമെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് നല്കുന്ന സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും ക്രൂഡ് ഓയില്‍ വിതരണത്തിലെ കുറവും ആഗോള വിപണിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
നിലവില്‍ ബാരലിന് ഏതാണ്ട് 120 ഡോളര്‍ എന്ന നിരക്കിലാണ് അസംസ്കൃത എണ്ണയുടെ വില. രാജ്യാന്തര തലത്തില്‍ വില ഇത്രയധികം ഉയര്‍ന്നിട്ടും ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ വില വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ഇത് എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് പ്രതിമാസം ഏതാണ്ട് 27,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ബില്ലിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവില്‍ 13 മുതല്‍ 15 ശതമാനം വരെ കുറവുണ്ടായിട്ടും, വിലക്കയറ്റം കാരണം പ്രതിദിനം 190 മുതല്‍ 210 ദശലക്ഷം ഡോളര്‍ വരെ അധികമായി ചെലവാക്കേണ്ടി വരുന്നു. സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറച്ചതും കയറ്റുമതിയില്‍ വിന്‍ഡ്ഫോള്‍ ടാക്സ് ഏര്‍പ്പെടുത്തിയതും ഭാഗികമായ ആശ്വാസം മാത്രമാണ് നല്‍കുന്നത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയ കാരണങ്ങളാലാണ് ഇപ്പോള്‍ വില വര്‍ധനവ് തടഞ്ഞുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഏപ്രില്‍ 29-ന് അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വില പരിഷ്കരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. എന്നിരുന്നാലും, പണപ്പെരുപ്പ സാധ്യതയും ജനരോഷവും കണക്കിലെടുത്ത് 25 രൂപയിലധികം വരുന്ന ഈ വലിയ വര്‍ധനവ് ഒറ്റയടിക്ക് നടപ്പിലാക്കാതെ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് സാധ്യതയെന്നും കൊട്ടക് റിപ്പോര്‍ട്ടില്‍ പറയുന്നു. വരും ആഴ്ചകളില്‍ ഇന്ധനവിലയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം
അതേസമയം തിരഞ്ഞെടുപ്പിന് ശേഷം വില കൂടുമെന്ന പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍ രം?ഗത്തെത്തി. പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 4 വര്‍ഷത്തനിടെ പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയെന്നും പ്രസ്താവനയില്‍ പറയുന്നു.









