കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കൊടിയേറ്റം മാര്‍ച്ച് 27 ന് രാവിലെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എരോത്ത് ഇ. അപ്പുക്കുട്ടി നായരും എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. വി. നാരായണനും പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് കാളിയാട്ട മഹോത്സവം. ഉത്സവത്തിന് 27 ന് വെളളിയാഴ്ച രാവിലെ കൊടിയേറും. തുടര്‍ന്ന് കാഴ്ച ശീവേലിയ്ക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍ മേള പ്രമാണിയാകും.രാവിലെ 10. 30 ന് ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം.

കൊടിയേറ്റ ദിവസം രാവിലെ കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തില്‍ നിന്നുളള ആദ്യത്തെ അവകാശ വരവ് ക്ഷേത്രത്തിലെത്തും. ശേഷം കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തു കുന്നു, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വരവുകളും ക്ഷേത്രത്തില്‍ എത്തും. വൈകീട്ട് കാഴ്ച ശീവേലിക്ക് വെള്ളിത്തുരുത്തി ഉണ്ണി നായര്‍ നേതൃത്വം നല്‍കും. രാത്രി 7. 30 ന് ബ്രഹ്മ ഭജന്‍സ് . 28ന് രാവിലത്തെ കാഴ്ച ശിവലിക്ക് പോരൂര്‍ ഹരിദാസും വൈകീട്ടത്തെ കാഴ്ച ശീവേലിക്ക് ഇരിങ്ങാപ്പുറം ബാബുവും നേതൃത്വം നല്‍കും. രാത്രി എട്ടുമണിക്ക് സദനം ജിതിന്‍ ,നീലേശ്വരം പ്രവീണ്‍ പിഷാരടി എന്നിവരുടെ ഇരട്ട താഴമ്പക, 7.30 ന് സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കുന്ന സംഗീത നിശ . 29 ന് രാവിലത്തെ കാഴ്ച ശീവേലിക്ക് ചൊവ്വല്ലൂര്‍ മോഹന വാര്യരും വൈകിട്ടത്തെ ശീവേലിക്ക് നീലേശ്വരം പ്രമോദ് മാരാരും നേതൃത്വം നല്‍കും. കൂടാതെ രാവിലെ 10.30 ന് അക്ഷര ശ്ലോക സദസ്.  വൈകീട്ട് നൃത്തപരിപാടി, രാത്രി എട്ടുമണിക്ക് ചെറുതാഴം ചന്ദ്രന്‍ മാരാരുടെ തായമ്പക, മ്യൂസിക്കല്‍ ഫ്യൂഷന്‍ എന്നിവ ഉണ്ടാവും. 30ന് രാവിലത്തെ ശീവേലിക്ക് മട്ടന്നൂര്‍ ശ്രീകാന്ത് നേതൃത്വം നല്‍കും. ബി കെ ഷീബ ബഹന്‍ജിയുടെ പ്രഭാഷണം. വൈകീട്ട് കാഴ്ച ശീവേലിക്ക് മണ്ണാര്‍ക്കാട് മോഹന്‍ദാസ് മേള പ്രമാണിയാവും. രാത്രി എട്ടുമണിക്ക് ആലങ്കോട് സന്തോഷ്‌ അശോക് ജി മാരാര്‍ എന്നിവരുടെ ഇരട്ടത്തായമ്പക, 7.30 ന് ഗാനമേള – ആര്യനന്ദ ആര്‍. ബാബു, പിന്നണി ഗായകന്‍ അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കും. 31ന് രാവിലെത്തെ കാഴ്ച ശീവേലിക്ക് തൃപ്പങ്ങോട്ട് പരമേശ്വര മാരാര്‍ നേതൃത്വം നല്‍കും .തുടര്‍ന്നു നാരായണീയം പാരായണം. വൈകീട്ടത്തെ കാഴ്ചശയിലേക്ക് നിയുക്ത തിരുവമ്പാടി മേളപ്രമാണി ചെറുശ്ശേരി കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കും. രാത്രി എട്ടുമണിക്ക് സദനം രാമകൃഷ്ണന്റെ തായമ്പക , നാടകം – ദേവി ചണ്ഡിക .ഏപ്രില്‍ ഒന്നിന് ചെറിയ വിളക്ക് .രാവിലത്തെ കാഴ്ച ശീവേലിക്ക് നീലേശ്വരം നന്ദകുമാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അവകാശകരവ്, കോമത്ത് പോക്ക് ചടങ്ങ്, സംഗീതാര്‍ച്ചന. വൈകിട്ട് നാലുമണിക്ക് പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി. മേളത്തിന പഴുവില്‍ രഘു മാരാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഇരട്ടത്തായമ്പക – ശുകപുരം ദിലീപ് , ശുകപുരം രഞ്ജിത്ത്.  തുടര്‍ന്ന് മ്യൂസിക് ബാന്റ് – രമ്യ നമ്പീശന്‍ നേതൃത്വം നല്‍കും. ഏപ്രില്‍ രണ്ടിന് വലിയ വിളക്ക് രാവിലത്തെ കാഴ്ച ശീവേലിക്ക് കലാനിലയം ഉദയം നമ്പൂതിരി നേതൃത്വം നല്‍കും, തുടര്‍ന്ന് മന്ദമംഗലത്തു നിന്നുള്ള ഇളനീര്‍ കുലവരവും വസൂരി മാല വരവും ക്ഷേത്രത്തില്‍ എത്തും. വൈകിട്ട് മൂന്നുമണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ് കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ് , കൊല്ലന്റെ തിരുവായുധ വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തില്‍ എത്തും. വൈകിട്ട് കാഴ്ച ശീവേലി, ഡോ. ശുകപുരം ദിലീപ് നേതൃത്വം നല്‍കും. തുടര്‍ന്ന് ഇന്‍സ്ട്രുമെന്റല്‍ ലൈവ് . രാത്രി 11 മണിക്ക് ശേഷം ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ്.സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയപിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം എഴുന്നള്ളിക്കും. ഒന്നാം പന്തി മേളം പ്രമാണം ഡോ. ശുകപുരം ദിലീപും രണ്ടാം പന്തിമേള പ്രമാണം കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുമാണ് .വാദ്യ കലാകാരന്മാരായ കല്ലൂര്‍ ജയന്‍, ശിവപുരം രഞ്ജിത്ത്, പനമണ്ണ മനോഹരന്‍, വിനയന്‍ കൊയിലാണ്ടി ,കല്ലുവഴി പ്രകാശന്‍, കലാമണ്ഡലം രതീഷ്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയന്‍, നിഖില്‍ കൊളപ്പുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മേളത്തില്‍ 150 കലാകാരന്മാര്‍ അണിനിരക്കും.

ഏപ്രില്‍ മൂന്നിന് കളിയാട്ടം. രാവിലെ ദേവസംങ്കീര്‍ത്തനം ഭജന്‍സ്, വൈകീട്ട് കൊല്ലത്ത് അരയന്റെയും വെട്ടുവരുടെയും, തണ്ടാന്റെയും വരവുകള്‍, മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പുറത്തെഴുന്നള്ളിപ്പ്. സ്വര്‍ണം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം നീലേശ്വരം പ്രവീണ്‍ പിഷാരടിയുടെ നേതൃത്വത്തില്‍ മേളം. തുടര്‍ന്ന് ഊരു ചുറ്റലിനു ശേഷം വാളകം കൂടും. ഇതോടെ കാളിയാട്ട മഹോത്സവം സമാപിക്കും.

പത്ര സമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ബാലന്‍ പുതിയോട്ടില്‍ (കീഴയില്‍), കെ. ദേവദാസ് (വാഴയില്‍), ഈച്ചരാട്ടില്‍ അച്ചുക്കുട്ടി നായര്‍, പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഇ. രാജഗോപാലന്‍  നായര്‍ (ഇളയിടത്ത്), എം. ബാലകൃഷ്ണന്‍, പി.പി. രാധാകൃഷ്ണന്‍, സി.ഉണ്ണികൃഷ്ണന്‍, ശ്രീപുത്രന്‍ തൈക്കണ്ടി, മാനേജര്‍ വി. പി. ഭാസ്‌ക്കരന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!