Wednesday, March 18, 2026
Latest:

Primeedition

Real news on-time

കെല്‍ട്രോണ്‍ കോഴ്‌സുകളില്‍ പ്രവേശനം

കെല്‍ട്രോണ്‍ കോഴ്‌സുകളില്‍ പ്രവേശനം

കോഴിക്കോട് കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: പ്ലസ്ടു), മൂന്ന് മാസത്തെ വേര്‍ഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (യോഗ്യത: എസ്എസ്എല്‍സി) നോര്‍ക്കാ റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ് (യോഗ്യത: പ്ലസ്ടു) എന്നീ കോഴ്‌സുകളിലാണ് അഡ്മിഷന്‍. ഫോണ്‍: 04952301772, 9645938188.

ഡയറ്റിഷ്യന്‍ ഇന്റര്‍വ്യൂ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഡയറ്റിഷ്യനെ നിയമിക്കും. യോഗ്യത: പോഷകാഹാരത്തിലും ഡയറ്ററ്റിക്സിലും ഡിപ്ലോമ. പ്രായപരിധി: 18-45. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.


കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും

ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. സ്‌പ്രേയിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ കായികശേഷി ഉള്ളവരാകണം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം അഭികാമ്യം. പ്രായപരിധി: 50 വയസ്സ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്കെത്തണം. രജിസ്‌ട്രേഷന്‍ രാവിലെ 11ന് അവസാനിക്കും. ഫോണ്‍: 0495 2370494.

ഉയര വാഹനങ്ങള്‍ക്ക് നിയന്ത്രണം

ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിന്റെ പൈലിങ് പ്രവൃത്തി ആരംഭിച്ചതിനാല്‍ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി 4.5 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള വാഹനങ്ങള്‍ ചെറുവണ്ണൂര്‍ ഭാഗത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഭിന്നശേഷി കലോത്സവം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 13ന് നടത്തുന്ന ഭിന്നശേഷി കലോത്സവത്തില്‍ വ്യക്തിഗത കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരിപാടികള്‍ അഞ്ച് മിനിറ്റില്‍ കവിയരുത്. അതത് പ്രദേശത്തെ അങ്കണവാടികളില്‍ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് മൂന്നിനകം അപേക്ഷ നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2702523.

എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ജില്ലാ സാക്ഷരതാ മിഷനും കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ചേര്‍ന്ന് നടത്തുന്ന സര്‍വേയുടെ ഭാഗമായി മര്‍കസ് ലോ കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിശീലനത്തില്‍ പ്രിന്‍സിപ്പല്‍ അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജോയന്റ് ഡയറക്ടര്‍ ഡോ. ടി അബ്ദുസമദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷമീര്‍ സഖാഫി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി കെ ഇബ്രാഹിം, വോളന്റിയര്‍ സെക്രട്ടറി അഹമ്മദ് സ്വാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് വിഷയാവതരണം നടത്തി.

കൊടുവള്ളി കെഎംഒ കോളേജില്‍ നടന്ന നഗരസഭയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പ്രൊഫ. ഒ കെ മുഹമ്മദലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തുഫൈല്‍ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് വിഷയാവതരണം നടത്തി. കെഎംഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊടുവള്ളി ഗവ. കോളേജ് എന്നിവയിലെ വളണ്ടിയര്‍മാരാണ് മേഖലാതല പരിശീലനത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!