രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം 16, 17ന്


രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം 16, 17ന്
പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 16 ന് രാവിലെ 10 മുതൽ 17 ന് വൈകിട്ട് 4 വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in ൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ അലോട്ട്മെന്റുകൾ സംബന്ധിച്ച വിശദാംശങ്ങൾ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

വൊക്കേഷണല്‍ അസസ്മെന്റ് ക്യാമ്പ്
സമഗ്ര ശിക്ഷ കേരളയുടെയും നാഷണല്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡിന്റെയും സഹകരണത്തോടെ യുആര്‍സി സൗത്ത് സംഘടിപ്പിച്ച ‘റീച്ച്’ വൊക്കേഷണല്‍ അസസ്മെന്റ് ക്യാമ്പ് ആഴ്ചവട്ടം ജിഎച്ച്എസ്എസില്‍ നടന്നു.
തെരഞ്ഞെടുത്ത 50 കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായാണ് ക്യാമ്പ് ഒരുക്കിയത്.
അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ബിപിസി വി പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ടി ഷീബ, കെ ബിജിത, വി ആര് കവിത, കെ നീഷ്മ എന്നിവര്‍ സംസാരിച്ചു.
നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററിലെ വി ജി നീരേഷ്, കെ പി ധനേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം സൗജന്യമായി നല്കുന്ന നൈപുണി പരിശീലനങ്ങളും സാധ്യതകളും ക്യാമ്പില്‍ വിശദീകരിച്ചു.

ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം 19ന്
ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം ജൂലൈ 19ന് ഉച്ചക്ക് 3.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. പരിഗണിക്കേണ്ട പരാതികള്‍ ജൂലൈ 18ന് വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇമെയിലായോ സമര്‍പ്പിക്കാം. പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് പ്രത്യേകം സൂചിപ്പിക്കണം. വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന് പി.ഒ, കോഴിക്കോട് -673020. ഇമെയില്‍: jdisgdkzd@gmail.com

പ്രവാസികള്‍ക്കായി ഏകദിന സംരംഭകത്വ ശില്പശാല
പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റും (സിഎംഡി) ചേര്‍ന്ന് സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും. ജൂലൈ 23ന് രാവിലെ 9.30ന് കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന എന്‍.ഡി.പി.ആര്.ഇ.എം ഉള്‍പ്പെടെയുള്ള പദ്ധതികളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ ശില്പശാലയില് ലഭ്യമാകും. ഫോണ്‍: 0471 2329738, 8078249505.
രണ്ട് വര്‍ഷത്തിലധികം വിദേശത്ത് ജോലിചെയ്ത് നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി. താല്പര്യമുള്ളവര്ക്ക് www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്യാം. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍) +91-8802012345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

അയ്യങ്കാളി മെമോറിയല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ്
അയ്യങ്കാളി മെമോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നവരും മുന്‍ വര്‍ഷം നാല്, ഏഴ് ക്ലാസുകളില്‍ പഠിച്ചിരുന്നവരും വാര്‍ഷിക പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടിയവരും ആയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വരുമാന പരിധി: ഒരു ലക്ഷം. അപേക്ഷ ജൂലൈ 28ന് വൈകീട്ട് 5.15 വരെ അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0495 2370379.











