പ്ലസ് ടു കോഴ്‌സ് – സ്‌പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു കോഴ്‌സ് – സ്‌പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ്ടു കോഴ്‌സിലേയ്ക്കുള്ള സ്‌പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ അപേക്ഷ ഏകജാലകം വഴി നല്‍കുന്നത് കൂടാതെ സ്‌പോര്‍ട്സ് ക്വാട്ടയ്ക്കുള്ള അപേക്ഷ പ്രത്യേക വെബ്‌സൈറ്റ് വഴി നല്‍കണം. അപേക്ഷ രജിസ്റ്റര്‍ ചെയ്തതിനുശേഷം രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ ഒറിജിനല്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുമായി വെരിഫിക്കേഷന് ഹാജരാകണം. അതോടൊപ്പം 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കായിക രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ വെരിഫിക്കേഷന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. സബ് ജില്ലാ സ്‌കൂള്‍, റവന്യൂ ജില്ലാ സ്‌കൂള്‍, ജില്ലാ ചാമ്പ്യന്‍ഷിപ്പ് എന്നിവയിൽ മൂന്നാം സ്ഥാനമാണ് കുറഞ്ഞ യോഗ്യത. സ്‌പോര്‍ട്സ് ക്വാട്ടാ രജിസ്‌ട്രേഷന്‍ മെയ് 24 ന് ആരംഭിച്ച് 29 ന് അവസാനിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് –
www.hscap.kerala.gov.in/sports/main/frame.html അല്ലെങ്കില്‍
www.sportscouncil.kerala.gov.in

പ്രീ ജി എസ് ടി നികുതി കുടിശ്ശിക ഈടാക്കി

ജി എസ് ടി നിയമത്തിന് മുമ്പുള്ള വിവിധ നിയമങ്ങള്‍ പ്രകാരം നികുതി കുടിശ്ശിക വരുത്തിയ കോഴിക്കോട് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നികുതി കുടിശ്ശിക ഈടാക്കി. മുന്‍ വര്‍ഷങ്ങളില്‍ ആംനസ്റ്റി പദ്ധതികള്‍ നിലവിലിരുന്നിട്ടും കുടിശ്ശിക തീര്‍പ്പാക്കാന്‍ താല്പര്യപ്പെടാത്ത കുടിശ്ശികക്കാരില്‍ നിന്നും റിക്കവറി നടപടികളിലൂടെ സ്റ്റേറ്റ് ജി എസ് ടി അരിയര്‍ റിക്കവറി വിഭാഗം 1,15,500 രൂപയാണ് ഈടാക്കിയത്. ജില്ലയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലായി നടത്തിയ റിക്കവറി നടപടികള്‍ക്ക് കോഴിക്കോട് അരിയര്‍ റിക്കവറി ഡെപ്യൂട്ടി കമ്മീഷണര്‍ എ കെ പ്രതീഷ് (കെ എ എസ് ), സ്റ്റേറ്റ് ജി എസ് ടി എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് -1 സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ പി പി ബിജു എന്നിവര്‍ നേതൃത്വം നല്‍കി. എസ് ജി എസ് ടി ഉദ്യോഗസ്ഥരായ ശശിധരന്‍ ഇല്ലത്ത്, സുധീഷ്, എ മനോജ് കുമാര്‍, കെ ജിതിന്‍, യു എസ് ഷമ്യ , കെ റഫീഖ്, വൈജു, ലിജീഷ് എന്നിവര്‍ പങ്കെടുത്തു. കുടിശ്ശിക നിവാരണത്തിനായി റിക്കവറി നടപടികള്‍ തുടരുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.


അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് തിരുത്തിയാട് ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 28 നകം സ്‌കൂളില്‍ നേരിട്ടെത്തിയോ https://thss.ihrd.ac.in/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ – 0495 2721070, 9447885352,8547005031.


ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ വനിത ഹോസ്റ്റലിലെ കക്കൂസ് മാലിന്യ സംഭരണി വൃത്തിയാക്കുന്ന പ്രവര്‍ത്തി ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍/കരാറുകാരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. (ക്വട്ടേഷന്‍ നമ്പര്‍ 04/2024-25). ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പൽ, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പി ഒ), 673005 എന്ന വിലാസത്തില്‍ അയക്കണം. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മെയ് 26 ഉച്ച രണ്ട് മണി. വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിശദാംശങ്ങള്‍ക്ക് www.geckkd.ac.in സന്ദർശിക്കുക.

ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലുള്ള കാന്റീന്‍ 2025 ജൂൺ ഒന്ന് മുതല്‍ 2026 മെയ് 31 വരെ നടത്തുന്നതിന് പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും സംഘടനാ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് മെയ് 26 ന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ – 0495 2765770, 2766563.

അധ്യാപക തസ്തിക: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് മരുതോങ്കരയില്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളില്‍ എച്ച് എസ് ടി വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, നാചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ് അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പി എസ് സി നിശ്ചയിച്ച യോഗ്യതയും പ്രായ പരിധിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. (പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്ക വിഭാഗത്തിന് പ്രായപരിധിയില്‍ അര്‍ഹമായ സംവരണം ലഭിക്കും) യോഗ്യരായവരെ എഴുത്തു പരീക്ഷ നടത്തി തുടര്‍ന്നുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

എഴുത്ത് പരീക്ഷ ഈസ്റ്റ്ഹില്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മെയ് 28 ന് രാവിലെ 10.30 നടക്കും. അപേക്ഷ ഫോം അന്നേ ദിവസം രാവിലെ പരീക്ഷാ കേന്ദ്രത്തില്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട് സൈസ് ഫോട്ടോയും സഹിതം സെന്ററില്‍ രാവിലെ 9.30-ന് എത്തണം. ഫോണ്‍ – 0495 2370379.


ലഹരിക്കെതിരെ ടൂ മില്യണ്‍ പ്ലഡ്ജ്: യോഗം ചേര്‍ന്നു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന 2 മില്യണ്‍ പ്ലഡ്ജിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എസ് കെ സജീഷ്, കെ കെ പ്രദീപ്കുമാര്‍, മുക്കം മുഹമ്മദ്, പി പി പ്രേമ, കെ എന്‍ അനില്‍കുമാര്‍, ഷര്‍മദ് ഖാന്‍, കെ എം പോള്‍സണ്‍, മനോജ് പന്തീരാങ്കാവ്, സി സകരിയ, ഒ പി അബ്ദുര്‍റഹ്മാന്‍, ടി ഷംനാസ്, സി എം യശോദ, ഇ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂണ്‍ 26 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ 20 ലക്ഷം പേര്‍ പങ്കാളികളാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!