കൊയിലാണ്ടി -കാപ്പാട് തീരദേശപാത ഗതാഗത യോഗ്യമാക്കുക കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ്
കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ കൊയിലാണ്ടി കാപ്പാട് തീരദേശ പാത പുനര്‍നിര്‍മ്മിക്കണമെന്ന് കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. യു ഡി എഫ് ഭരണകാലത്ത് 9 കോടി രൂപ ചിലവ് ചെയ്ത് PMGSY പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നര കിലോമീറ്റര്‍ PWD യും നാല് കിലോമീറ്റര്‍ ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ്‌റും നിര്‍മ്മിച്ചതാണ് റോഡ്.
2021 ജൂണ്‍ മാസമാണ് രൂക്ഷമായ കടലാക്രമണത്തില്‍ റോഡ് തകര്‍ന്നത്, കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറിലേക്കും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും എത്തിച്ചേരുന്ന റോഡിലൂടെ നൂറ് കണക്കിന് നാഷണല്‍ പെര്‍മിറ്റ് ലോറികളും, കാറുകളും മത്സ്യതൊഴിലാളികളും സഞ്ചരിക്കുന്ന ഏക മാര്‍ഗ്ഗമാണ് 5.5 കിലോ മീറ്റര്‍ നീളമുള്ള റോഡ് രണ്ട് വര്‍ഷമായി തകര്‍ന്ന് നിലയിലാണ്.
അടിയന്തിരമായി നടപടി സ്വീകരിച്ച് പുനര്‍നിര്‍മ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുന്‍പ് ടൂറിസം മന്ത്രിയും സ്ഥലം എംഎല്‍എ യും സന്ദര്‍ശിക്കുകയും റോഡിന്റെ പണി യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും എന്ന് ഉറപ്പ് നല്‍കിയിരുന്നു.
ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് ഡിപ്പാര്‍മെന്റ് വര്‍ക്ക് ആരംഭിക്കാന്‍ 6 കോടിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ട് മാസങ്ങളോളമായിട്ടുണ്ടും നടപ്പായില്ല. പ്രവര്‍ത്തി ആരംഭിക്കാത്ത പക്ഷം ശക്തമായ സമരവുമായി കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി മുന്നോട്ട് വരുമെന്ന് നേതാക്കള്‍ അറിയിച്ചു.
യോഗത്തില്‍ വി പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സി. ഹനീഫ മാസ്റ്റര്‍, മഠത്തില്‍ അബ്ദുറഹിമാന്‍, അലി കൊയിലാണ്ടി, ടി. അഷ്റഫ്, മമ്മദ് ഹാജി, എന്‍. പി. മൊയ്ദീന്‍ കോയ , മുതുകുനി മുഹമ്മദലി, പി. വി. അഹമ്മദ്, ഹുസൈന്‍ ബാഫക്കി തങ്ങള്‍, റഷീദ് വെങ്ങളം എന്നിവര്‍ സംസാരിച്ചു.


