മാലിന്യമുക്തം നവകേരളം: കോഴിക്കോട് ജില്ലയിൽ മികച്ചതും മോശവുമായ തദ്ദേശസ്ഥാപനങ്ങളെന്ന് മന്ത്രി എം ബി രാജേഷ്


– വളയം ഗ്രാമപഞ്ചായത്ത്, കുന്നുമ്മൽ ബ്ലോക്ക് എന്നിവയ്ക്ക് ആദരം
-എംസിഎഫ് സ്ഥാപിക്കാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണം
-അതിദാരിദ്ര്യ നിർമാർജ്ജനം മെയ് 31 നകം പൂർത്തിയാക്കണം
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മികച്ച പ്രകടനം നടത്തുന്നതും മോശം പ്രകടനം നടത്തുന്നതുമായ തദ്ദേശസ്ഥാപനങ്ങൾ ഉള്ള ജില്ലയാണ് കോഴിക്കോടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രണ്ട് അറ്റങ്ങളിലായാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം. ചിലത് മികച്ച പ്രവർത്തനം നടത്തുമ്പോൾ മറ്റ് ചിലത് നേരെ തിരിച്ചാണ്. ജനപ്രതിനിധികൾ മുന്നിട്ടിറങ്ങിയ തദ്ദേശസ്ഥാപനങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചതായാണ് കാണുന്നത്,” മന്ത്രി പറഞ്ഞു.
മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വളയം ഗ്രാമപഞ്ചായത്ത്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങൾ യോഗത്തിൽ ആദരം ഏറ്റുവാങ്ങി.
ജില്ലയിൽ പ്രതിഷേധം കാരണം എംസിഎഫ് സ്ഥാപിക്കാത്ത നാല് ഗ്രാമപഞ്ചായത്തുകൾ (നാദാപുരം, ഉണ്ണികുളം, കിഴക്കോത്ത്, ഓമശ്ശേരി) എന്നിവിടങ്ങളിൽ ഉടൻ പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തി എംസിഎഫ് സ്ഥാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. “കേരളത്തിൽ 1500 ൽ അധികം തദ്ദേശസ്ഥാപനങ്ങളിൽ എംസിഎഫ് പ്രവർത്തിക്കുന്നുണ്ട്. അവിടെയൊക്കെ ജനം പ്രശ്നങ്ങളില്ലാതെ താമസിക്കുന്നുണ്ട്. ന്യായമായ കാരണത്താൽ പ്രതിഷേധം നടത്തുന്നവരെ കാര്യം ബോധ്യപ്പെടുത്തണം. മറ്റ് ഉദ്ദേശ്യത്താൽ സമരം ചെയ്യുന്നവർക്ക് വഴങ്ങേണ്ടതില്ല. ജനപ്രതിനിധികൾ ഇതിന് മുൻകൈ എടുക്കണം. ജനപ്രതിനിധികൾ നിശ്ചയദാർഢ്യത്തോടെ മുന്നിട്ടിറങ്ങിയാൽ നടക്കും. ഒരു ഗ്രാമപഞ്ചായത്തിൽ എംസിഎഫ് സ്ഥാപിക്കുന്നതിന് എതിരായ സമരത്തിന് പഞ്ചായത്ത് ഭരണസമിതി അനുകൂലമാണ് എന്നത് നിർഭാഗ്യകരമാണ്,” മന്ത്രി ചൂണ്ടിക്കാട്ടി.
ഹരിത അയൽക്കൂട്ടം, ഹരിത വിനോദസഞ്ചാരകേന്ദ്രം എന്നിവയിൽ മുന്നോട്ടു പോയ ജില്ല ഹരിത ടൗണുകളുടെയും ഹരിത ഓഫീസുകളുടെയും ഹരിത വിദ്യാലയങ്ങളുടെയും കാര്യത്തിൽ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. കൊടുവള്ളി ബ്ലോക്കിൽ കൂടരഞ്ഞി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകൾ ഒഴികെയുള്ളവ മുന്നേറാനുണ്ട്.
ഡോർ-ടു-ഡോർ മാലിന്യ ശേഖരണത്തിൽ 12 ഗ്രാമപഞ്ചായത്തുകൾ 70% ത്തിൽ താഴെയാണ്. ഇതിൽ സംസ്ഥാന ശരാശരി 90% മുകളിലാണ്. ജില്ലയിൽ 30 ഓളം തദ്ദേശസ്ഥാപനങ്ങൾ മാലിന്യശേഖരണത്തിൽ ശരാശരിയിലും താഴെയാണ്, മന്ത്രി ചൂണ്ടിക്കാട്ടി. നാദാപുരത്ത് എംസിഎഫ് ഇല്ലാത്തതിനാൽ മാലിന്യശേഖരണം 26% മാത്രമാണ്.
1000 മാലിന്യ ബിന്നുകളും 350 ബോട്ടിൽ ബൂത്തുകളും സ്ഥാപിക്കാനുള്ള കോഴിക്കോട് കോർപ്പറേഷന്റെ പദ്ധതി സംസ്ഥാനത്തെ മികച്ചതാണെന്ന് മന്ത്രി പറഞ്ഞു. 650 ബിന്നുകൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഓഡിറ്റോറിയങ്ങളിൽ ബിന്നുകൾ വെക്കുന്ന കാര്യം കോർപ്പറേഷൻ ശ്രദ്ധിക്കണം.
എൻഫോഴ്സ്മെന്റ് കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പിടികൂടുന്നതിന്റെ എണ്ണം കൂട്ടണം. പിഴ ചുമത്തിയാൽ പോര, പിരിച്ചെടുക്കണം.
അതിദാരിദ്ര്യ നിർമാർജ്ജനം
അതിദാരിദ്ര്യ നിർമാർജ്ജനം നവംബർ ഒന്നിനാണ് തീയ്യതി പ്രഖ്യാപിച്ചതെങ്കിലും മെയ് 31 നകം പൂർത്തിയാക്കണമെന്ന് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. അതിദരിദ്രർക്ക് ഭൂമി കണ്ടെത്തുക, വീട് നൽകുക എന്നതാണ് വെല്ലുവിളി. ജില്ലയിലെ അതിദാരിദ്രരിൽ 428 പേർക്ക് ഭൂമിയില്ല. ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിൽ ഭൂമി തരാൻ കഴിവുള്ളവരെയും സന്നദ്ധതയുള്ളവരെയും കണ്ടെത്തി ജനപ്രതിനിധികൾ അവരെ അങ്ങോട്ട് സമീപിക്കണം. ഇങ്ങനെ സമാഹരിക്കുന്ന ഭൂമിയും സർക്കാർ ഭൂമിയും പദ്ധതിയ്ക്ക് ഉപയോഗിക്കാം. അതിദരിദ്ര പട്ടികയിൽ ഏക അംഗ കുടുംബം എന്ന വിഭാഗത്തിൽപ്പെട്ടവരെഷെൽട്ടറിലേക്ക് മാറ്റണം.
കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലയുടെ അവലോകനവും നടത്തി.
ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്,
പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, എഡിഎം സി മുഹമ്മദ് റഫീക്ക്, തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.






