സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 4ന്

സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 4ന്
2024-25 അദ്ധ്യയന വര്‍ഷത്തെ ബി. എസ്സി നഴ്സിംഗ് കോഴ്സിന് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 4ന് എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വച്ച് രാവിലെ 10 മണിക്ക് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ പ്രസ്തുത സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. മുന്‍ അലോട്ട്മെന്റുകളിലൂടെ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഈ സ്പോട്ട് അലോട്ട്മെന്റിനുവേണ്ടിയുള്ള എന്‍.ഒ.സി (നിരാക്ഷേപപത്രം) ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in ല്‍ അലോട്ട്മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദിഷ്ടഫീസ് ഒടുക്കണം. അലോട്ട്മെന്റിനുശേഷം കോഴ്സ്/കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

സേഫ് സ്റ്റേ പദ്ധതിയുടെ ഭാഗമാകാന്‍ അവസരം
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന വ്യാപകമായി സ്ത്രീകള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന ”സേഫ് സ്റ്റേ” പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി അനുയോജ്യരായ വനിതാ ഹോസ്റ്റല്‍ / ഹോട്ടല്‍/ ഹോം സ്റ്റേ അധികൃതരില്‍ / ഉടമസ്ഥരില്‍നിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് kswdc.org സന്ദര്‍ശിക്കുക. അപേക്ഷാഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. ഫോണ്‍: 7012749427, 0471-2454585.


ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്‌സ്മാന്‍ മെക്കാനിക് (ഡി/മെക്ക്) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ (പി.എസ്.സി റൊട്ടേഷന്‍ ചാര്‍ട്ട് അനുസരിച്ച്) താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 4ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

കരാര്‍ നിയമനം
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ സിസ്റ്റം ആന്‍ഡ് ഡാറ്റാബേസ് ആര്‍ക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്- കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, എം.സി.എ, എം. എസ്സി- കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി എന്നീ യോഗ്യതയും, ഡാറ്റാബേസ് ആര്‍ക്കിടെക്റ്റ്, സിസ്റ്റം ആര്‍ക്കിടെക്റ്റ് എന്നിവയില്‍ അഞ്ച് വര്‍ഷം പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 15ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

ഡോ. ബി. ആര്‍ മാധ്യമ അവാര്‍ഡ് 2024: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ. ബി. ആര്‍ അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. 2023 ആഗസ്റ്റ് 16 മുതല്‍ 2024 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടുകളും പ്രോഗ്രാമുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക.

അച്ചടി വിഭാഗത്തില്‍ മത്സരിക്കുന്നതിന് അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത/ഫീച്ചര്‍/ പരമ്പര എന്നിവയുടെ 5 പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, അപേക്ഷകരുടെ ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ലഭ്യമാക്കണം.

ദൃശ്യ വിഭാഗത്തില്‍ മത്സരിക്കുന്നതിന് ദൃശ്യ മാധ്യമങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വാര്‍ത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെന്ററിയോ ആയിരിക്കണം. ഡിവിഡി ഫോര്‍മാറ്റിലുള്ള എന്‍ട്രി (5 കോപ്പികള്‍), ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെക്കുറിച്ചുള്ള ലഘുവിവരണം, അപേക്ഷകരുടെ ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ലഭ്യമാക്കണം.

ശ്രവ്യ വിഭാഗത്തില്‍ മത്സരിക്കുന്നതിന് ശ്രവ്യ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാര്‍ഡിന് പരിഗണിക്കും. പ്രോഗ്രാമിന്റെ ലഘുവിവരണം, എന്‍ട്രികള്‍ സിഡിയിലാക്കി, (5 കോപ്പികള്‍) പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം, അപേക്ഷകരുടെ ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 14നകം. ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി ഒ, തിരുവനന്തപുരം-695 003 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.scdd.kerala.gov.in, 0471-2315375.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!