ശാസ്ത്രീയ ശുചിത്വ പരിപാലനത്തിന് മാതൃകയായ സ്ഥാപനങ്ങൾക്ക് അഭിനന്ദനപത്രം കൈമാറി

ശാസ്ത്രീയ ശുചിത്വ പരിപാലനത്തിന് മാതൃകയായ സ്ഥാപനങ്ങൾക്ക് ശുചിത്വ മിഷൻ അഭിനന്ദനപത്രം കൈമാറി. കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജ്, എംവിആർ ക്യാൻസർ സെന്റർ, സിആർസി കേരള എന്നീ സ്ഥാപനങ്ങളെയാണ് അനുമോദന പത്രം നൽകി ആദരിച്ചത്.

ഹരിത ക്യാമ്പസുകളാവുന്നതിലേക്ക് നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അഭിനന്ദന പത്രം സമ്മാനിച്ചത്.

ഈ സ്ഥാപനങ്ങളിൽ പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിക്കുകയും പ്ലാസ്റ്റിക് പോലുള്ള അജൈവ പാഴ് വസ്തുക്കൾ തരംതിരിച്ച് സൂക്ഷിക്കുവാൻ എംസിഎഫ്, മൈക്രോ എംസിഎഫ് എന്നിവ തയാറാക്കുകയും തരംതിരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ അവശിഷ്ടങ്ങൾ ബയോഗ്യാസ്, റിങ്ങ് കംമ്പോസ്റ്റ് തുടങ്ങിയവ ഉപയോഗിച്ച് വളമാക്കി മാറ്റുകയും വളം ഉപയോഗിച്ച് കൃഷി നടത്തുകയും ചെയ്യുന്നു. നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റാണ് സാങ്കേതിക സഹായം നൽകിയത്.

കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംങ്ങ് അഭിനന്ദനപത്രം കൈമാറി. പ്രൊവിഡൺസ് കോളേജ് പ്രിൻസിപ്പൾ ഡോ. സിസ്റ്റർ ഹഷ്മിത, എംവിആർ കാൻസർ സെന്റർ ഡവലപ്മെന്റ് ഓഫീസർ ജയേന്ദ്രൻ കെ, സിആർസി-കെ ഡയറക്ടർ ഡോ. റോഷൻ ബിജിലി എന്നിവർ അനുമോദന പത്രം ഏറ്റുവാങ്ങി.

ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എം ഗൗതമൻ, അസി. കോ ഓർഡിനേറ്റർ സരിത്ത് സി കെ, നിറവ് ഡയറക്ടർ ബാബു പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!