ശുചിത്വ അവബോധം എല്ലാ ജനവിഭാഗങ്ങളും ശ്രദ്ധിക്കണം: മന്ത്രി ഒ ആര് കേളു



ശുചിത്വ അവബോധം ജീവിതത്തില്‍ പരമാവധി പ്രാവര്‍ത്തികമാക്കാന്‍ എല്ലാ ജനവിഭാഗങ്ങളും ശ്രദ്ധിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആര് കേളു അഭിപ്രായപ്പെട്ടു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെയും ലോക ആവാസ ദിനത്തിന്റെയും ഭാഗമായി തിരുവനന്തപുരത്ത് പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വികസന വകുപ്പ് സംഘടിപ്പിച്ച ശുചിത്വ കേരളം സുസ്ഥിര കേരളം ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സംരക്ഷണം, ഊര്‍ജ സംരക്ഷണമടക്കമുള്ള മേഖലകളില്‍ വിവിധ പരിപാടികള്‍ വകുപ്പ് നടത്തി വരികയാണ്. പുരപ്പുറ സൗരവൈദ്യുതിയടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ പൊതു സമൂഹം ശ്രദ്ധിക്കണം. ഉറവിട മാലിന്യ സംസ്കരണത്തിലും പ്ലാസ്റ്റിക്കിന്റെ നിയന്ത്രിത ഉപഭോഗത്തിലും ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ നിലവിലെ മാലിന്യ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയൂ. ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന കാലം കൂടിയാണിത്. കക്കൂസ് മാലിന്യമടക്കമുള്ളവ ശാസ്ത്രീയ ദ്രവമാലിന്യ സംസ്കരണത്തിന് വിധേയമാക്കണ്ടത് അത്യാവശ്യമാണ്. തിരക്ക് പിടിച്ച ജീവിതത്തില്‍ പ്രകൃതി സൗഹൃദമായ പ്രവര്‍ത്തനങ്ങള്‍ നമ്മള് ഏറ്റെടുക്കേണ്ടതുണ്ട്.
ജനകീയാസൂത്രണ പദ്ധതിയോടെ ആരംഭിച്ച സമ്പൂര്‍ണ ശൗചാലയ പദ്ധതി കാലത്തിനനസുരിച്ച് ആധുനിക സൗകര്യങ്ങളോടെ നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രകൃതി സൗഹൃദമായ നല്ല പാഠങ്ങള്‍ പകര്‍ന്ന് പുതുതലമുറയേയും കാലാവസ്ഥ വ്യതിയാനത്തെയടക്കം ചെറുക്കാന്‍ പ്രാപ്തരാക്കണമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗ സങ്കേതങ്ങളിലെ 1000 ആവാസ വ്യവസ്ഥകളെയെങ്കിലും ഹരിത നഗറുകളാക്കാനും തീരുമാനിച്ചു. തദ്ദേശ, ശുചിത്വ, തൊഴിലുറപ്പ് , ആരോഗ്യം, ഊര്‍ജ്ജം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് ഹരിത നഗറുകള്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.














