3.5 കോടിയുടെ കരുവാറ്റക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു, 2025 ൽ പാലം പണി പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്



ഉണ്ണികുളം – താമരശ്ശേരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് 3.5 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് പൂനൂര്‍ പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന കരുവാറ്റക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
അഞ്ചുവർഷം കൊണ്ട് 100 പാലം നിര്‍മ്മിക്കുവാന്‍ പദ്ധതിയിട്ട സ്ഥാനത്ത് മൂന്നുവര്‍ഷം കൊണ്ടുതന്നെ ലക്ഷ്യം പൂർത്തിയാക്കാനായതായി മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നൂറ്റമ്പതോളം പാലങ്ങളാണ് ഇതിനകം നിര്‍മ്മിച്ചത്.
കരുവാറ്റക്കടവ് പാലത്തിൻ്റെ നിർമാണം ഒന്നര വര്‍ഷം കൊണ്ടു പൂർത്തീകരിക്കാനാണ് കരാർ. എന്നാൽ 2025ല്‍ തന്നെ പണി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. പാലം നിർമാണത്തിൽ അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീ-എന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് ടെക്‌നോളജി പോലെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. ഇത് കൂടുതൽ പ്രകൃതി സൗഹൃദമാണെന്നു മാത്രമല്ല കൂടുതൽ കാലം ഈടു നിൽക്കാൻ ഇത് സഹായിക്കും. ഇത്തരം സാങ്കേതികവിദ്യകള്‍ വലിയ പാലങ്ങളുടെ നിര്‍മ്മാണം എട്ടുമാസം വരെ വേഗത്തിലാക്കാന്‍ സഹായിക്കും. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെ എച്ച് ആര്‍ ഐ (കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നുണ്ട്. മലപ്പുറം ജില്ലയിലെ തിരുന്നാവായ പാലം നിര്‍മ്മിക്കാന്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയുന്ന കരുത്തുറ്റ നിര്‍മ്മാണമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എം കെ മുനീര്‍, നജീബ് കാന്തപുരം, മുന്‍ എംഎല്‍എ വി എം ഉമര്‍ മാസ്റ്റര്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജില്‍ രാജ്, ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ കെ അബ്ദുല്ല മാസ്റ്റങ്ങളായ സി പി റംല ഖാദര്‍, സി പി കരീം മാസ്റ്റര്‍, പിഡബ്ല്യുഡി പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എസ് അജിത്ത്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ വി ഷിനി, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ എസ് അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
12.5 മീറ്റര്‍ നീളത്തിലുള്ള മൂന്ന് സ്പാനുകളായി 37.5 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 5.5 മീറ്റര്‍ കാര്യേജ് വേയും 1.2 മീറ്റര്‍ നടപ്പാതയും ഉള്‍പ്പെടെ 7.2 മീറ്ററാണ് പാലത്തിന്റെ വീതി. ഇരുവശങ്ങളിലും കരിങ്കല്‍ ഭിത്തിയോടു കൂടിയ ബിഎംആന്റ് ബിസി അനുബന്ധ റോഡും ഇതിന്റെ ഭാഗമായി നിര്‍മിക്കും.
















