ഫ്ലാഗ് ചലഞ്ചിലൂടെ കുരുന്നുകള്‍ നേടിയ കാല്‍ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക്

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാടിന്റെ അതിജീവനത്തില്‍ പങ്കാളികളായി കൊടിയത്തൂർ, തോട്ടുമുക്കം ഗവ. യുപി സ്‌കൂളിലെ കുരുന്നുകള്‍. ഫ്ലാഗ് ചലഞ്ചിലൂടെ ദേശീയ പതാക വിറ്റ് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച 25,710 രൂപയാണ് വയനാടിനായി നൽകിയത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കുട്ടികള്‍ നേരിട്ട് കോഴിക്കോട് കളക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് കൈമാറി.

തങ്ങളെ പോലെയുള്ള നിരവധി കുട്ടികളെയും ബാധിച്ച ദുരന്തത്തില്‍ തങ്ങളാലാവുന്നത് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ ഫ്ലാഗ് ചലഞ്ചുമായി രംഗത്തിറങ്ങിയത്. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയില്‍ അയല്‍ജില്ലയിലെ ദുരിതബാധിതരെ കൂടി ചേര്‍ത്തുപിടിക്കാന്‍ അവര്‍ കൈകോര്‍ത്തു. ത്രിവര്‍ണ പതാക കൈകളിലേന്തി വീടുകളിലും കടകളിലും കയറിയിറങ്ങി വില്‍പ്പന നടത്തിയാണ് കുട്ടികൾ തുക സമാഹരിച്ചത്. ഈ ദൗത്യത്തില്‍ സ്‌കൂളിലെ അധ്യാപകരും മറ്റു ജീവനക്കാരും പിടിഎ അടക്കമുള്ളവരും പിന്തുണയും നല്‍കി.

വയനാട് ദുരന്തത്തില്‍ അകപ്പെട്ട കുരുന്നുകള്‍ക്കായി തോട്ടുമുക്കം സ്‌കൂളിലെ ഇതേ വിദ്യാര്‍ഥികള്‍ നേരത്തെ കളിപ്പാട്ടങ്ങളും ഡ്രോയിംഗ് ബുക്കുകളും മറ്റും നല്‍കിയിരുന്നു. ചിലര്‍ തങ്ങള്‍ക്കു ലഭിച്ച പിറന്നാള്‍ സമ്മാനങ്ങളും ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാനായി സ്വരൂപിച്ച തുകയും മറ്റുമായാണ് സ്‌കൂളിലെത്തിയത്. അവയെല്ലാം സമാഹരിച്ച് അധ്യാപകര്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിലെ കുട്ടികള്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു.

മാതൃകാപരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ബി ഷെറീന, പി ടി എ ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പമാണ് വിദ്യാര്‍ഥികള്‍ കലക്ടറേറ്റിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!