സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ

ന്യൂഡൽഹി: മുതിർന്ന സിപിഐഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബുദ്ധദേബിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണത്തിൽ അനുശോചിക്കുന്നുവെന്നും ബുദ്ധദേബിനെ പതിറ്റാണ്ടുകളായി അറിയാമെന്നും മമത അറിയിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാരമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ജനങ്ങളെ ബുദ്ധദേബ് സേവിച്ചുവെന്ന് അനുശോചന സന്ദേശത്തിൽ കോൺഗ്രസ് അധ്യക്ഷൻ അനുസ്മരിച്ചു. ചിന്തകളും പ്രാർത്ഥനകളും കുടുംബത്തിനും സഹപ്രവർത്തകർക്കൊപ്പമെന്നും ഖർഗെ അറിയിച്ചു.

ബുദ്ധദേബ് ഭട്ടാചാര്യയോടുള്ള ആദരസൂചകമായി സിപിഐഎം ആസ്ഥാനമായ എകെജി ഭവനിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണവാർത്ത ഞെട്ടിക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പാർട്ടിയോടും ബംഗാളിനോടുമുള്ള ബുദ്ധദേബിൻ്റെ ആത്മസമർപ്പണവും ദീർഘ വീക്ഷണവും വലിയ മാതൃകയാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗം ഒരു കാലഘട്ടത്തിൻ്റെ അവസാനമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ചെറുപ്പകാലം മുതൽ ഇടത് ആശയങ്ങളെ മുറുകെപിടിച്ചുവെന്നും മന്ത്രിയായും മുഖ്യമന്ത്രിയായും സ്ഥാനമില്ലാതെയും ജനങ്ങളോട് ഒപ്പം നിന്നുവെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു. പാർട്ടിക്കും ബംഗാളിനും രാജ്യത്തിനും ബുദ്ധദേബ് നൽകിയ സംഭാവനകളെ നന്ദിയോടെ ഓർക്കുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!