ഷാഫി പറമ്പിലിന് വന്‍ സ്വീകരണമൊരുക്കി വടകരയിലെ യു ഡി എഫ് പ്രവര്‍ത്തകര്‍



വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വടകര മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ ഷാഫി പറമ്പിലിന് വന്‍ സ്വീകരണമൊരുക്കി. പാലക്കാട് നിന്ന് വൈകീട്ട് ആറുമണിയോടെയാണ് ഷാഫി പറമ്പില്‍ വടകരയിലെത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. വടകരക്കാര്‍ തനിക്കേകിയ ഉജ്ജ്വലമായ സ്വീകരണം ഹൃദയത്തില്‍ തട്ടുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിക്കേണ്ടതിന്റെ അനിവാര്യത വടകരക്കാര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. വര്‍ഗീയതയും അക്രമ രാഷ്ട്രീയവും തോല്‍ക്കുകയും സമാധാനം ജയിക്കുകയും വേണം. അതിന് വടകര യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും ഷാഫി പറഞ്ഞു. എവിടെ ചെന്നാലും ഏത് പദവിയിലാണെങ്കിലും പദവിയൊന്നുമില്ലെങ്കിലും പാലക്കാടിന്റെ സ്നേഹം തന്നില്‍ നിന്ന് അറുത്തുമാറ്റാന്‍ കഴിയില്ലെന്നും അതാണ് വടകരയിലും കരുത്തായി മാറുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
നേരത്തേ വടകരയിലേക്ക് തിരിച്ച ഷാഫിയെ അതിവൈകാരികമായാണ് പാലക്കാട്ടുകാര്‍ യാത്രയയച്ചത്. പലരും കണ്ണുനിറഞ്ഞാണ് ഷാഫിയെ യാത്രയാക്കിയത്. താനെവിടേയും പോകുന്നില്ലെന്നും ജോലിക്കുപോകുന്നതുപോലെയല്ലേ ഇതെന്നും പറഞ്ഞാണ് കരച്ചിലോടെ തന്നെ യാത്രയാക്കാനെത്തിയവരോട് ഷാഫി പറഞ്ഞത്.









