സുവർണ ശോഭയിൽ പൂക്കാട്കലാലയം


പൂക്കാട് കലാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 29 ന് തിരുവോണ നാളില്‍ കൊടിയുയരും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് പരിപാടികള്‍.

സെപ്റ്റംബര്‍ 1ന് വെകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍വെച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. എം പി കെ. മുരളീധരന്‍ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ കാനത്തില്‍ ജമീല എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാരായ സതി കിഴക്കയില്‍, ഷീബ മലയില്‍, ബിന്ദു രാജന്‍, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ് എന്നിവര്‍ പങ്കെടുക്കും.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വൈശാഖിനെ അനുമോദിക്കും. കലാലയത്തിന്റെ പിറന്നാളാഘോഷമായ ‘ആവണിപ്പൂവരങ്ങ് ‘ ആഗസ്റ്റ് 31 ന് വൈകിട്ട് മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ ഉദ്ഘാടനം ചെയ്യും. ഗാനമേള, തിക്കോടിയന്റെ ‘പുതുപ്പണംകോട്ട ‘ നാടകം, രാധാകൃഷ്ണന്‍ ഭരതശ്രീ യുടെ സംവിധാനത്തില്‍ അന്‍പതു നര്‍ത്തകികള്‍ അണിനിരക്കുന്ന പ്രത്യേക നൃത്ത പരിപാടി, ക്ലാസിക്കല്‍ – നാടോടി നൃത്തങ്ങള്‍, പാണ്ടിമേളം, പടുവാദ്യമേളം വിവിധ ഉപകരണ സംഗീത പരിപാടികള്‍ മുതലായവ മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ സംഗീതോത്സവം, നാടകോത്സവം നൃത്തോത്സവം, ഗാന്ധി സ്മൃതി, വര്‍ണോത്സവം, ഗുരുവരം, ഗ്രാമീണം, സര്‍ഗോത്സവം, കളിആട്ടം, കലാ പഠനക്യാമ്പുകള്‍, സാഹിത്യോത്സവം എന്നിവ നടക്കും.

ജൂബിലി സമാരക സാംസ്‌കാരിക മന്ദിരം, സോവനീര്‍ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. പരിപാടികളുടെ വിജയത്തിനായി വിടി മുരളി ചെയര്‍മാനും ശിവദാസ് കരോളി കണ്‍വീനര്‍ ജനറലുമായി സ്വാഗത സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്.

1974ല്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ,മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, ശിവദാസ് ചേമഞ്ചേരി,ടി പി ദാമോദരന്‍ നായര്‍ മുതലായവരുടെ നേതൃത്വത്തില്‍ വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികളുമായി പുക്കാട്ടങ്ങാടിയില്‍ ആരംഭിച്ച കലാ പഠന കേന്ദ്രം അഞ്ചു പതിറ്റാണ്ടിലേയ്ക്കു കടക്കുന്നത് മലബാറിലെ ഏറ്റവും വലിയ കലാപഠനകേന്ദ്രം എന്ന ഖ്യാതിയോടെയാണ്. പൂക്കാട് ഉള്ള്യേരി കേന്ദ്രങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ കലാ പരിശീലനം നടത്തി വരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. കെ. ടി. ശ്രീനിവാസന്‍,  ശിവദാസ് കാരോളി, സുനില്‍ തിരുവങ്ങര്‍, ഉണ്ണികൃഷ്ണന്‍ പൂക്കാട്, കെ. ശ്രീനിവാസന്‍, വിനീത് പൊന്നാടത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!