ബാലുശ്ശേരിയിൽ എസ് എസ് എൽ സി ഗ്രേഡ്നില ഉയർത്താൻ കർമ്മപദ്ധതി
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ ബാക്കപ്പിന്റെ ഭാഗമായി എസ് എസ് എൽ സി ഗ്രേഡ്നില ഉയർത്താനുള്ള വിജയോത്സവം കർമപദ്ധതിക്ക് രൂപം നൽകി. പദ്ധതിയുടെ ഭാഗമായി മികച്ച വിദ്യാലയത്തെ കണ്ടെത്തുന്നതിന് മുഴുവൻ എസ് എസ് എൽ സി വിദ്യാർഥികളും നേടുന്ന ഗ്രേഡിനെ പോയിൻ്റിലേക്ക് പരിവർത്തനം ചെയ്യും. എ പ്ലസിൻ്റെ എണ്ണവും വിജയശതമാനവും മാത്രം പരിഗണിച്ച് മികവു നിശ്ചയിക്കുന്നതിൽ നിന്നു വ്യത്യസ്തമായി എല്ലാ കുട്ടികളുടേയും ഗ്രേഡ് പരിഗണിച്ച് എം എൽ എ എക്സലൻസ് അവാർഡ് മികച്ച വിദ്യാലയത്തിനു സമ്മാനിക്കും.
വിജയോത്സവത്തിൻ്റെ ഭാഗമായി സ്കൂൾ തലത്തിൽ പദ്ധതി ആവിഷ്കരിക്കും. രക്ഷാകർതൃ ശാക്തീകരണം, പിയർ ഗ്രൂപ്പ് പoനം, പ്രതിമാസ പരീക്ഷകൾ, എ പ്ലസ് ക്ലബ്ബ്, ഭവനസന്ദർശനം, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയവ വിദ്യാലയാടിസ്ഥാനത്തിൽ സംഘടിപ്പിക്കും. പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി പ്രത്യേക പിന്തുണാ സംവിധാനം ഏർപ്പെടുത്തും.
പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം സച്ചിൻ ദേവ് എം എൽ എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. എസ്എസ്എൽസി ഗ്രേഡ്നില ഉയർത്തുന്നതുവഴി മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പുരോഗതിയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
പ്രധാനധ്യാപകർ, സ്കൂൾ വിജയോത്സവം കൺവീനർമാർ, പി ടി എ പ്രസിഡൻ്റുമാർ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം വികസനസമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ കോർകമ്മിറ്റി അംഗങ്ങളായ സി.കെ വിനോദൻ, കെ.കെ ശിവദാസൻ, പി.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.






