കൊല്ലം പിഷാരികാവില്‍ ആന ഉടമകള്‍ക്കും പാപ്പാന്മാര്‍ക്കും ബോധവത്കരണ ക്ലാസ്


കൊയിലാണ്ടി: ഉത്തര മേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍, കൊയിലാണ്ടി സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ആനയെ എഴുന്നെള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ക്കും, ആന ഉടമകള്‍ക്കും, ആന പാപ്പാന്മാര്‍ക്കുമായി കൊയിലാണ്ടി പിഷാരികാവ് ദേവസ്വം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ഏകദിന ബോധവല്‍ക്കരണ പരിപാടി കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്ററി അസിസ്റ്റന്റ് കണ്‍സര്‍വ്വേ റ്റര്‍ കെ . നീതു ഉല്‍ഘാടനം നിര്‍വഹിച്ചു. നാട്ടാന പരിപാലന ചട്ടങ്ങള്‍ പാലിച്ചു മാത്രമേ ആനകളെ ഉത്സവത്തില്‍ എഴുന്നള്ളിക്കാവു വെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ആന ഉടമസ്ഥരും , ആന തൊഴിലാളികളും ശ്രദ്ധപുലര്‍ത്തണമെന്നും പറഞ്ഞു.
ചടങ്ങില്‍ കൊയിലാണ്ടി സോഷ്യല്‍ ഫോറസ്റ്ററി റെയിഞ്ച് ഓഫിസര്‍ അഖില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പിഷാരികാവ് ദേവസ്വം ചെയര്‍മാന്‍ അപ്പുക്കുട്ടി നായര്‍, എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹി രസ്ജിത് ശ്രിലകത്ത്, ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് നവജ്യോത് എന്നിവര്‍ സംസാരിച്ചു.
ഉല്‍സവകാലത്ത് എഴുന്നെള്ളിക്കുന്ന ആനകളുടെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തില്‍ സീനിയര്‍ വെറ്റിനറി ഓഫിസര്‍ . അരുണ്‍ സത്യനും , നാട്ടാന പരിപാലന ചട്ടവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ എന്ന വിഷയത്തില്‍ കൊയിലാണ്ടി സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ നാരായണന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
വടകര സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മ്മാരായ ജലീഷ്, അജി ലാഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിനിഷ് രാമന്‍, ജില്ലയിലെ ഡിഎംസി റജിസ്‌ട്രേഷന്‍ ഉള്ളക്ഷേത്ര ഭാരവാഹികള്‍, ആനപാപ്പാന്‍മാര്‍, ആനസ്‌നേഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊയിലാണ്ടി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍. കെ. ഇബ്രായി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. എസ്സ് . നിധിന്‍ സംസാരിച്ചു.









