അമീബിക് മസ്തിഷ്ക ജ്വരം; മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരനായ സഹോദരനാണ് പനിയും ശർദ്ദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചത്.

ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ കുഞ്ഞിന്റെ നില ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ആയിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച അന്നശ്ശേരി സ്വദേശിയായ യുവാവും മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. ഇരുവരുടെയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകള്‍ ശേഖരിച്ചിരുന്നു. കുഞ്ഞിന് രോഗം ബാധിച്ചത് എങ്ങനെയാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനിബാധിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ. രാജാറാം അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!