ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: ഡിലിമിറ്റേഷന്‍ കമീഷന്‍ ഹിയറിങ് നടത്തി

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങളിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുന്നതിനായി സംസ്ഥാന ഡിലിമിറ്റേഷന്‍ കമീഷന്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരാതികളാണ് പരിഗണിച്ചത്. ചെയര്‍മാന്‍ എ ഷാജഹാന്‍, അംഗം എസ് ഹരികിഷോര്‍ എന്നിവര്‍ പരാതികള്‍ കേട്ടു. സെക്രട്ടറി എസ് ജോസ്‌ന മോള്‍ സംബന്ധിച്ചു. പരാതികള്‍ ഡിലിമിറ്റേഷന്‍ കമീഷന്‍ പരിശോധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.

ബ്ലോക്ക് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. 119 പരാതികളാണ് ജില്ലയില്‍നിന്ന് കമീഷന് ലഭിച്ചത്. മലപ്പുറം 74, വയനാട് 33, കണ്ണൂര്‍ 77, കാസര്‍കോഡ് 60 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍നിന്നുള്ള പരാതികള്‍. മലപ്പുറത്തെയും കണ്ണൂരിലെയും ഓരോ ബ്ലോക്കുകളില്‍നിന്ന് പരാതികളൊന്നും ലഭിച്ചില്ല. പരാതിക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഹിയറിങ്ങിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!