നീര്‍ത്തട പക്ഷികളുടെ സര്‍വ്വേ സമാപിച്ചു; ജലപ്പക്ഷികളുടെ എണ്ണത്തില്‍ വന്‍ കുറവ്
ലോക നീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി ഉത്തരമേഖലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (എംഎന്‍എച്ച്എസ്), കോഴിക്കോട് ബേഡേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഏഷ്യന്‍ നീര്‍ത്തട പക്ഷികളുടെ സര്‍വ്വേയുടെ സമാപന പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് സരോവരം ബയോ പാര്‍ക്കില്‍ നടന്ന ചടങ്ങ് സോഷ്യല്‍ ഫോറസ്റ്റ്ട്രി ഉത്തര മേഖല കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ആര്‍ കീര്‍ത്തി ഉദ്ഘാടനം ചെയ്തു.
മുന്‍കാലങ്ങളില്‍ കാണാറുണ്ടായിരുന്ന കാട്ട് താറാവുകളുടെ വരവ് ഇല്ലാതായതായി സര്‍വേയില്‍ കണ്ടെത്തിയതായി അവര്‍ പറഞ്ഞു. തണ്ണീര്‍ തടങ്ങളിലെ മാലിന്യനിക്ഷേപവും അനധികൃത നിലം നികത്തലുമാണ് ഇതിന് കാരണമായി കണക്കാക്കപ്പെടുന്നത്. സര്‍വേയില്‍ കേരളത്തില്‍ അപൂര്‍വമായിക്കാണുന്ന പൊടി പൊന്‍മാനെ നിരീക്ഷകര്‍ കണ്ടെത്തി.
കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനും എംഎന്‍എച്ച്എസ് സെക്രട്ടറിയുമായ സത്യന്‍ മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. സോഷ്യല്‍ ഫോറസ്റ്റ്ടി എക്സ്റ്റന്‍ഷന്‍ എസിഎഫ് എ പി ഇംതിയാസ്, കോഴിക്കോട് ബേഡേഴ്‌സ് കണ്‍വീനര്‍ മുഹമ്മദ് ഹിറാഷ്, എം. ബബീഷ്, പി എം മുജീബ് തുടങ്ങിവര്‍ സംസാരിച്ചു. വിവിധ മാധ്യമപ്രതിനിധികളും പക്ഷി നിരീക്ഷകരും പരിപാടിയില്‍ പങ്കെടുത്തു.