കെജിടിഇ കമ്പ്യൂട്ടര്‍ ആന്റ് ഡിടിപി കോഴ്‌സ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള, പി എസ് സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡിടിപി കോഴ്‌സിന് കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഫെബ്രുവരി ഏഴ് വരെ എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പെന്റും ലഭിക്കും. ഒബിസി/ എസ്ഇബിസി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഫോണ്‍: 0495-2723666, 2356591, 9037527407. (ഇ-മെയില്‍: kozhikode@captkerala.com, website: www.captkerala.com).

ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024 അദ്ധ്യയനവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/കേരള സര്‍ക്കാര്‍/എയ്ഡഡ് യൂണിവേഴ്‌സിറ്റി, കോളേജുകളില്‍ പഠിച്ച ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി, ടിടിസി, ഐടിഐ, പോളിടെക്‌നിക്ക്, ജനറല്‍ നഴ്‌സിങ്ങ്, ബി എഡ്, മെഡിക്കല്‍ ഡിപ്‌ളോമ എന്നീ കോഴ്‌സുകളിലേതിലെങ്കിലും ആദ്യ ചാന്‍സില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്ക് മാത്രമേ അവാര്‍ഡിന് അര്‍ഹതയുളളൂ. 2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ലഭിച്ച റിസള്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകേണ്ടത്.

നിശ്ചിത ഫോമില്‍ അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് 2025 ജനുവരി 6 മുതല്‍ 31 വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റു രേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡിന്റെ നിശ്ചിത പേജ്
ഹാജരാക്കണം. ഫോണ്‍: 0495-2384006.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!