നവകേരള സദസ് മുഖേന ഗ്രാമപഞ്ചായത്തുകൾക്ക് കോടികളുടെ പദ്ധതികൾ ലഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും ചേർന്ന് സംസ്ഥാനത്ത് നടത്തിയ നവകേരള സദസ് പരിപാടി മുഖേന മാത്രം കേരളത്തിലെ ആയിരത്തോളം വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ലഭിച്ചതായി വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. നന്മണ്ട ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ ചോറ്റുകൊട്ടയിൽ താഴം-മുന്നൂർക്കയിൽ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഈ വാർഡിൽ മാത്രം നാല് റോഡുകൾക്കായി 1.25 കോടി രൂപയാണ് നവകേരള സദസ് വഴി ലഭിച്ചത്. അങ്ങനെയെങ്കിൽ കേരളത്തിലെ 931 ഗ്രാമപഞ്ചായത്തുകളിൽ എത്ര കോടി രൂപയുടെ പദ്ധതികൾ ലഭിച്ചിട്ടുണ്ടാകുമെന്ന് നവകേരള സദസ് പരിപാടിയെ വിമർശിച്ചവർ ചിന്തിക്കണം,” മന്ത്രി പറഞ്ഞു.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരുവർഷം ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയുള്ളതിനാൽ ആറു മീറ്റർ വീതിയുള്ളതും ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ചേർത്തതുമായ റോഡുകൾക്ക് മുൻഗണന നൽകി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
മന്ത്രിയുടെ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് പ്രവൃത്തി ഭാഗികമായി പൂർത്തിയാക്കിയത്.
പരിപാടിയിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ജില്ലാ പഞ്ചായത്ത് അംഗം ടി റസിയ, കെ രാജൻ, വിജയൻ മങ്ങാട്ട്, സി കെ മുഹമ്മദ് ഇക്ബാൽ, സി കെ അബ്ദുറഹ്മാൻ, എം കെ സബിലേഷ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജൻ സ്വാഗതവും മുന്നൂർക്കയിൽ അയൽസഭ കൺവീനർ എ കെ സത്യൻ നന്ദിയും പറഞ്ഞു.





