ആരോഗ്യമേഖലയിലെ സംവിധാനങ്ങള്‍ കാര്യക്ഷമവും ശാസ്ത്രീയവുമായ രീതിയില്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി എ കെ ശശീന്ദ്രന്‍



കോഴിക്കോട്: ആളുകള്‍ ഇ-ഹെല്‍ത്ത് കാര്‍ഡ് എടുത്ത് കൂടുതല്‍ കാര്യക്ഷമവും ശാസ്ത്രീയമായ രീതിയില്‍ ആരോഗ്യമേഖലയിലെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ആരോഗ്യമേഖല ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിന്റെ സാക്ഷ്യപത്രമാണ് കാക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രം. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന ആശുപത്രി അല്ല ഇന്നത്. പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ രോഗികള്‍ക്കും ലഭിക്കണം. അതിന്റെ ഭാഗമായി നടപ്പാക്കിയ ഇ-ഹെല്‍ത്ത് പദ്ധതിയനുസരിച്ച് വീട്ടിലിരുന്നും ഡോക്ടറുടെ സേവനം ഉറപ്പാക്കാം.
വീട്ടിലിരുന്ന് ഓപി ടിക്കറ്റ് ബുക്ക് ചെയ്യല്‍, ആവശ്യമുള്ള ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കല്‍, അപ്പോയിന്റ്‌മെന്റ് ലഭിച്ച സമയത്ത് മാത്രം ആശുപത്രിയില്‍ പോകല്‍, ലാബ് റിസള്‍ട്ട് ഫോണില്‍ ലഭിക്കല്‍ എന്നിവ സാധ്യമാകും. ആശുപത്രിയില്‍ അനാവശ്യമായി കാത്തുകെട്ടി കിടക്കുകയോ ലാബ് റിസള്‍ട്ട് വാങ്ങാന്‍ വീണ്ടും പോകുകയോ വേണ്ട. ഇങ്ങനെ സമയം, അധ്വാനം എന്നിവ ലാഭിക്കുകയും കൂടുതല്‍ ശാസ്ത്രീയമായും കാര്യക്ഷമതയോടെയും ആരോഗ്യ സേവനം നല്‍കുന്നതുമായ പദ്ധതിയുമായി എല്ലാ നാട്ടുകാരും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. മുമ്പ് ചികിത്സിച്ചതിന്റെ വിശദാംശങ്ങള്‍ രോഗി മറന്നുപോയിരിക്കാമെങ്കിലും ഇ-ഹെല്‍ത്ത് പദ്ധതിയിലെ കേസ് റെക്കോര്‍ഡ് എന്ന വിഭാഗത്തില്‍ ആ വിവരങ്ങള്‍ ഭദ്രമായി ഉണ്ടാവും. ഇത് രോഗനിര്‍ണയത്തിലും ചികിത്സയിലും ഏറെ പ്രയോജനം ചെയ്യും.
പരിപാടിയില്‍ അധ്യക്ഷത വഹിച്ച കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഇ-ഹെല്‍ത്ത് പദ്ധതിയിലെ കാര്‍ഡ് സ്വീകരിച്ചു ആദ്യ അംഗമായി. ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക മുഖ്യാതിഥിയായി.
കാക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നിഷ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി അബ്ദുള്‍ ഗഫൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സി ഷീബ, സി സി കൃഷ്ണന്‍, സിദ്ദിഖ് വാളത്തില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഹരിഹരന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി എന്നിവര്‍ സംബന്ധിച്ചു. കാക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി പി സജ്‌ന സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ വി ജിജിത്ത് നന്ദിയും പറഞ്ഞു.














