ടീം ഇന്ത്യയുടെ ലോകകപ്പ് വിജയം ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ആരാധകരും താരങ്ങളും
ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ ലോകകപ്പ് വിജയം ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ആരാധകരും താരങ്ങളും. ലോകകപ്പുമായി നാട്ടിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ആവേശോജ്ജ്വല വരവേല്‍പ്പാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നല്‍കിയത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലെത്തിയ ടീമംഗങ്ങള്‍ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് അകത്തേക്ക് പോയത്.
ഡല്‍ഹിയിലെ ഹോട്ടലിന് പുറത്തും വന്‍ സ്വീകരണമാണ് താരങ്ങള്‍ക്ക് ഒരുക്കിയിരുന്നത്. വാദ്യോപകരണങ്ങളുടെ അകമ്പടികള്‍ക്കൊപ്പം താരങ്ങളും നൃത്തം ചെയ്തതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പ്പി സൂര്യകുമാര്‍ യാദവ് ഭാംഗ്ര താളത്തിനൊപ്പം നൃത്തം വെക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, യശസ്വി ജയ്സ്വാള്‍ എന്നിവരും നൃത്തം ചെയ്യുന്നുണ്ട്.
ബാര്‍ബഡോസില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് ടീം ഇന്ത്യ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തുകയായിരുന്നു. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനിന്നിരുന്നത്. ഡല്‍ഹിയിലും മുംബൈയിലുമായി ഗംഭീരമായ ആഘോഷപരിപാടികളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്.