രാജ്യത്തെ ആദ്യ യുനെസ്‌കോ സാഹിത്യനഗരിയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു

സത്യത്തിന്റെ തുറമുഖം എന്ന കോഴിക്കോടിന്റെ കീര്‍ത്തിയ്ക്ക് ഇനി മറ്റൊരു അഴക് കൂടി; രാജ്യത്തെ ആദ്യ യുനെസ്‌കോ സാഹിത്യനഗരി എന്ന ആഗോളപ്പെരുമ. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സ്മാരക ജൂബിലി ഹാളില്‍ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം ബി രാജേഷ് കോഴിക്കോടിനെ യുനെസ്‌കോ സാഹിത്യനഗരിയായി പ്രഖ്യാപിച്ചു.

ബഷീറും പൊറ്റെക്കാടും തിക്കോടിയനും എന്‍ പി മുഹമ്മദും പി വത്സലയും യു എ ഖാദറും സുരാസുവും എം എസ് ബാബുരാജും കോഴിക്കോട് അബ്ദുള്‍ഖാദറും കെ ടി മുഹമ്മദും പി എം താജും നക്ഷത്ര ഓര്‍മകളായി സാന്നിധ്യമറിയിച്ച ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ സാഹിത്യ വജ്രജൂബിലി പുരസ്‌കാരം ജ്ഞാനപീഠ ജേതാവും മലയാള സാഹിത്യത്തറവാട്ടിലെ കാരണവരുമായ എം ടി വാസുദേവന്‍ നായര്‍ക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി രാജേഷ് കൈമാറി.

ആത്മാവുള്ള നഗരമാണ് കോഴിക്കോടെന്ന് മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു. മാനവികതയുടെയും സൗഹാര്‍ദ്ധത്തിന്റെയും നീതിബോധത്തിന്റെയും സ്വാതന്ത്രാഭിവാഞ്ജയുടെയും നാട്. കോഴിക്കോടിന്റെ കല പിറന്നത് ഈ മൂല്യങ്ങളിലൂടെയാണ്. കൊല്‍ക്കത്ത പോലുള്ള വന്‍ സാഹിത്യ പാരമ്പര്യമുള്ള നഗരങ്ങളെ പിന്തള്ളി യുനെസ്‌കോ സാഹിത്യപദവി കോഴിക്കോടിന് കിട്ടാന്‍ കോര്‍പ്പറേഷന്റെ ചിട്ടയായ പ്രവര്‍ത്തനം കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി. കിലയും നിര്‍ണായക പങ്ക് വഹിച്ചു. ഈ നേട്ടം സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും മാതൃകയാണ്.

ഇനി മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 23 കോഴിക്കോടിന്റെ സാഹിത്യനഗര ദിനമായി ആഘോഷിക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. അന്ന് ആറ് വിഭാഗങ്ങളില്‍ സാഹിത്യപുരസ്‌കാരം പ്രഖ്യാപിക്കും (സമഗ്രസംഭാവന, മികച്ച യുവ എഴുത്ത്, മികച്ച സ്ത്രീ എഴുത്ത്, മികച്ച കുട്ടി എഴുത്ത്, മലയാളത്തിലേക്കും മലയാളത്തില്‍ നിന്നുമുള്ള മികച്ച പരിഭാഷ). അന്നേ ദിവസം സാഹിത്യോത്സവവും സംഘടിപ്പിക്കുമെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.

സാഹിത്യനഗരി പദവിയുടെ ലോഗോ പ്രകാശനം, വെബ്‌സൈറ്റ് ഉദ്ഘാടനം എന്നിവ മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ആനക്കുളം സാംസ്‌കാരിക നിലയം സാഹിത്യനഗരിയുടെ ആസ്ഥാനമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!