വീട്ടിലെത്തി വോട്ടുശേഖരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം; ജില്ലാ കലക്ടര്‍

കോഴിക്കോട്:  ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഏപ്രിൽ 17, 18, 19, 20 തിയ്യതികളിലായി നടക്കുന്ന വീട്ടിലെത്തി വോട്ടുശേഖരണത്തിൽ രാഷ്ട്രീയ പാർട്ടികളുടെയോ സ്ഥാനാർത്ഥികളുടെയോ പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് കലക്ടർ നിർദേശിച്ചു. കൂടാതെ മതിയായ രേഖകൾ സമർപ്പിക്കാത്തതിനാൽ വീട്ടിലെത്തി വോട്ടു ശേഖരത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത 85 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഏപ്രിൽ 26 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തുന്നതിന് വെൽഫെയർ ടീമുകൾ മുഖേന പ്രത്യേക സൗകര്യം ഒരുക്കുമെന്ന് കലക്ടർ അറിയിച്ചു.

ഓരോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും (ഇവിഎം) ഏത് പോളിംഗ് ബൂത്തിലേക്ക് ആണ് കൊണ്ട് പോകേണ്ടത് എന്നതിൽ ധാരണയായിട്ടുണ്ട്. ഇവിഎം കമ്മീഷനിംഗ് സമയത്ത് യന്ത്രത്തകരാർ കാരണം യന്ത്രങ്ങൾ മാറ്റുകയാണെങ്കിൽ ഇവയുടെ നമ്പറുകൾ രാഷ്ട്രീയ പാർട്ടികൾ കുറിച്ച് വെക്കണമെന്നും കലക്ടർ നിർദേശിച്ചു.

കൂടാതെ ഇവിഎം കമ്മീഷനിംഗ് വരുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഐഡി കാർഡിനായി ഫോട്ടോ കൈവശം വെക്കണം.

തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയതിനാൽ ഇത് തുടരണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന് പുറമേ സബ് കലക്ടർ ഹർഷിൽ ആർ മീണ, എ ഡി എം അജീഷ് കെ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!