തിരുവങ്ങൂര്‍ കേരള ഫീഡ്‌സ് തൊഴിലാളികള്‍ സമരത്തിലേക്ക്



കോഴിക്കോട്: ഉത്പാദനത്തിലെ പിഴവ് കാരണം ടണ്‍ കണക്കിന് കാലിത്തീറ്റ നശിച്ച തിരുവങ്ങൂര്‍ കേരള ഫീഡ്‌സ് തൊഴിലാളി സമരത്തിലേക്ക്. വാര്‍ത്ത പുറത്തായതിന്റെ പേരില്‍ കരാര്‍ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിക്കുന്നത്.
സ്റ്റിച്ചിംഗ് തൊഴിലാളിയായ വി പി പ്രതീഷിനെ സസ്‌പെന്റ് ചെയ്ത മാനേജ്‌മെന്റ്, യൂണിറ്റ് ഹെഡിനെ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തി. വിവിധ യൂണിയനുകളില്‍ പെട്ട മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായാണ് സമരത്തിനിറങ്ങിയത്.
അനിശ്ചിതകാല സമരം തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന് ഒരു മണിക്കൂര്‍ സൂചന സമരം നടന്നു. തൊഴിലാളി സംഘടന നേതാക്കള്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് സൂചന സമരം നടത്തിയത്.
വിഷയങ്ങളോട് മുഖം തിരിക്കുന്ന എംഡി നിലപാട് തുടര്‍ന്നാല്‍ നാളെ മുതല്‍ സ്ഥാപനം നിശ്ചലമാകും. പ്രശ്‌നം സങ്കീര്‍ണ്ണമായതോടെ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല വിഷയത്തില്‍ ഇടപെട്ടു.
ഉടന്‍ തന്നെ കേരള ഫീഡ്‌സ് യൂണിറ്റ് സന്ദര്‍ശിക്കുമെന്ന് എംഎല്‍എ അറിയിച്ചു. തൊഴിലാളി സമരം സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. പൂപ്പല്‍ ബാധിച്ച് നശിച്ച കാലീത്തീറ്റ വളമാക്കി മാറ്റുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ യൂണിറ്റിന്റെ പേര് വളം ഡിപ്പോ എന്ന് മാറ്റിക്കൂടെ എന്നും അശ്വിനി ദേവ് ചോദിച്ചു. യൂണിറ്റ് സിഐടിയു പ്രസിഡണ്ട് പി പി ഷാജു കുമാര്‍, ഐ എന്‍ടിയുസിയെ പ്രതിനിധീകരിച്ച് സുധാകരന്‍ ടി.കെ, ശ്രീകുമാര്‍ ഒ, എച്ച്എംഎസിന് വേണ്ടി കെ. കല്‍പേഷ് എന്നിവര്‍ സംസാരിച്ചു.








