പുതിയാപ്പയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആരോഗ്യ ക്യാമ്പൊരുക്കി ഡോക്ടര്‍മാര്‍

സൗജന്യ ആരോഗ്യ പരിശോധനകളും ജീവന്‍രക്ഷാ പരിശീലനവും നല്‍കി
കോഴിക്കോട്: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുതിയാപ്പ ശ്രീ ഭഗവതി ധര്‍മ്മ പരിപാലന അരയ സമാജം, കാലിക്കറ്റ് ഫോറം ഓഫ് ഡയബറ്റിസ്, കാലിക്കറ്റ് ഫോറം ഫോര്‍ ഇന്റേണല്‍ മെഡിസിന്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തസമ്മര്‍ദ്ദം, ഉയരം, ഭാരം, ബി.എം.ഐ, ഇ.സി.ജി, റാന്‍ഡം ബ്ലഡ് ഗ്ലൂക്കോസ് പരിശോധന, കിഡ്‌നി പ്രവര്‍ത്തനക്ഷമത പരിശോധന, ലിപ്പിഡ് പ്രൊഫൈല്‍, തൈറോയ്ഡ്, യു.എ.സി.ആര്‍ തുടങ്ങി വിപുലമായ ലാബ് പരിശോധനകള്‍ ക്യാമ്പില്‍ ഒരുക്കിയിരുന്നു. ലിവര്‍ ഫൈബ്രോസ്‌കാന്‍, പ്രമേഹ രോഗികള്‍ക്കുള്ള പ്രത്യേക പാദ പരിശോധന എന്നിവയും നല്‍കി. അന്‍പതോളം പേര്‍ക്ക് നല്‍കിയ അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാനുള്ള പ്രാഥമിക ജീവന്‍രക്ഷാ പരിശീലനം (BLS) ശ്രദ്ധേയമായി. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍പരമായ വെല്ലുവിളികള്‍ മുന്‍നിര്‍ത്തി ആരോഗ്യകരമായ ഭക്ഷണരീതി, നിര്‍ജ്ജലീകരണം തടയല്‍, ഹൃദയാരോഗ്യം, വൃക്കസംരക്ഷണം എന്നിവയില്‍ പ്രത്യേക ബോധവല്‍ക്കരണം നല്‍കി. ഇരുനൂറോളം പേര്‍ ക്യാമ്പിലെത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ജി. സജീത് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നിരവധി ദിവസങ്ങള്‍ വീട്ടില്‍നിന്ന് വിട്ട് കടലില്‍ കഴിയേണ്ടി വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണവും വിദഗ്ധ പരിശോധനയും നടത്താനുള്ള തീരുമാനം ഏറ്റവും ഉചിതമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. എസ്. കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ വിദഗ്ധരായ ഡോക്ടര്‍മാരും ടെക്‌നീഷ്യന്മാരും ചേര്‍ന്ന് എല്ലാ വര്‍ഷവും ഏറ്റവും അനിവാര്യമായ ഗ്രൂപ്പിനെ കണ്ടെത്തി ഇത്തരത്തില്‍ ആരോഗ്യ ക്യാമ്പ് നടത്തുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഡോ. നീരജ് മണിക്കത്ത്, ഡോ. വി. കെ. ഷമീര്‍ എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. കെ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എന്‍. കെ. തുളസീധരന്‍, പ്രൊഫ. ഉദയഭാസ്‌കരന്‍, ഡോ. കെ. പി. രാജേഷ്, ഡോ. ആര്‍. ഗായത്രി, ഡോ. റോജിത് ബാലകൃഷ്ണന്‍, ഡോ. എം. കെ. കൃപാല്‍, ഡോ. പി. കെ. സിന്ധു, ഡോ. കെ. പി. ദിപു, ഡോ. സിജുകുമാര്‍ തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.












