ട്രെയിന്‍ വഴി 34 കിലോ കഞ്ചാവ് കടത്തിയ കേസ്: മുഖ്യ ആസൂത്രകന്‍ പിടിയില്‍

കോഴിക്കോട്: കഴിഞ്ഞ ഓഗസ്റ്റില്‍ ട്രെയിന്‍ മാര്‍ഗ്ഗം 34 കിലോ കഞ്ചാവ് കടത്തിയ കേസുകളിലെ മുഖ്യ ആസൂത്രകനും വിതരണക്കാരനുമായ മലപ്പുറം കല്പകഞ്ചേരി സ്വദേശി സുഹൈല്‍ കെ.പി (32) കോഴിക്കോട് റെയില്‍വേ പോലീസിന്റെ പിടിയിലായി. ഇന്നലെ കല്പകഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഓഗസ്റ്റ് 23-ന് മാംഗ്ലൂര്‍ സെന്‍ട്രല്‍ മെയില്‍ എക്സ്പ്രസ്സില്‍ നിന്നും 18.240 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ എസ്.കെ. സുമന് (19), ലാല്‍ചന്ദ് ഷെയ്ഖ് (29) എന്നിവരെയും, ഓഗസ്റ്റ് 30-ന് 16 കിലോ കഞ്ചാവുമായി മിനോട്ടി സര്‍ദാറിനെ റെയില്‍വേ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇവര്‍ക്ക് ഒഡീഷയില്‍ നിന്നും കഞ്ചാവ് സംഘടിപ്പിച്ചു നല്കിയ പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുള്‍ ബറാലിനെ (32) ഒക്ടോബര്‍ 6-ന് ബംഗാളില്‍ വെച്ചും അറസ്റ്റ് ചെയ്തു.
പ്രതികളുടെ ഫോണ്‍ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചതിലൂടെയാണ് അന്വേഷണം സുഹൈലിലേക്ക് എത്തിയത്. കഞ്ചാവ് എത്തിക്കുന്നതിനായി അബ്ദുള്‍ ബറാലിന് സുഹൈല്‍ യു.പി.ഐ വഴി ലക്ഷക്കണക്കിന് രൂപ അയച്ചു നല്‍കിയിരുന്നു. തിരൂര്‍ മേഖലയില്‍ ചെറിയ പാക്കറ്റുകളിലാക്കി ഉയര്‍ന്ന വിലയ്ക്കാണ് ഇയാള്‍ ലഹരിമരുന്ന് വിറ്റിരുന്നത്.
കുഴല്‍മന്നം, കുറ്റിപ്പുറം എക്സൈസ് റേഞ്ചുകളിലും കല്പകഞ്ചേരി പോലീസ് സ്റ്റേഷനിലുമായി നാല് ലഹരിക്കടത്ത് കേസുകളില്‍ ഇയാള്‍ മുമ്പും പ്രതിയാണ്. എസ്.ഐ സി. പ്രദീപ്കുമാര്‍, എ.എസ്.ഐ ഷമീര്‍, ഉദ്യോഗസ്ഥരായ ജോസ്, സജിത്ത്, അഖിലേഷ്, സന്ദീപ്, റന്യ, ആര്.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












