അശാസ്ത്രീയ നിര്‍മ്മാണം: കൊയിലാണ്ടി മുത്താമ്പി റോഡ് അണ്ടര്‍പാസില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവാകുന്നു

കൊയിലാണ്ടി: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മുത്താമ്പി റോഡില്‍ നിര്‍മ്മിച്ച പുതിയ അണ്ടര്‍പാസ് വലിയ വാഹനങ്ങള്‍ക്ക് ചതിക്കുഴിയാകുന്നു. ആവശ്യത്തിന് ഉയരമില്ലാതെ തികച്ചും അശാസ്ത്രീയമായി അണ്ടര്‍പാസ് നിര്‍മ്മിച്ചതാണ് യാത്രാക്ലേശത്തിന് കാരണമായിരിക്കുന്നത്. അരിക്കുളത്തേക്ക് ഉള്‍പ്പെടെയുള്ള വലിയ വ്യവസായ വാഹനങ്ങളും കണ്ടെയ്‌നര്‍ ലോറികളും പോകുന്ന പ്രധാന റൂട്ടാണിത്. ദിവസേന നിരവധി വലിയ വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

അണ്ടര്‍പാസിനടിയില്‍ വണ്ടികള്‍ കുടുങ്ങുമ്പോള്‍ മണിക്കൂറുകളോളം അധ്വാനിച്ച്, ടയറുകളിലെ കാറ്റ് പൂര്‍ണ്ണമായും അഴിച്ചുവിട്ടാണ് ഡ്രൈവര്‍മാര്‍ കഷ്ടപ്പെട്ട് വണ്ടി പുറത്തെടുക്കുന്നത്.  കൃത്യമായ ദീര്‍ഘവീക്ഷണമില്ലാതെ കോടികള്‍ ചെലവിട്ട് നടത്തിയ നിര്‍മ്മാണത്തിനെതിരെ പ്രാദേശികമായി കടുത്ത അമര്‍ഷം ഉയരുന്നുണ്ട്. പഴയകാല നിര്‍മ്മിതികളുടെ ദീര്‍ഘവീക്ഷണം പോലും ആധുനിക കാലത്തെ എന്‍ജിനീയര്‍മാര്‍ക്ക് ഇല്ലാതെ പോയെന്നാണ് നാട്ടുകാരുടെ വിമര്‍ശനം.
പ്രദേശവാസികള്‍ക്കും ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്കും ഒരേപോലെ ദുരിതമായ പ്രശ്‌നത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയമായ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!