ഇഡിയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളി മുഹമ്മദ് റിയാസ്; ‘എക്സാലോജിക് പണം കൈപ്പറ്റിയത് നല്‍കിയ സേവനത്തിനാണ്, നിയമപരമായി നേരിടും’

കോഴിക്കോട്: സി എം ആര്‍ എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉയര്‍ത്തുന്ന വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളി പി.എ. മുഹമ്മദ് റിയാസ്. എക്സാലോജിക് കമ്പനി സി എം ആര്‍ എല്ലില്‍ നിന്നും പണം കൈപ്പറ്റിയത് അവര്‍ നല്‍കിയ ഐ ടി സേവനങ്ങള്‍ക്കാണെന്നും അത് പൂര്‍ണ്ണമായും നിയമപരമാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വീണ വിജയന്‍ സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ എംഡി ഇഡിക്ക് മൊഴി നല്‍കിയിട്ടില്ല. അന്വേഷണത്തോട് പ്രതികരിക്കാതിരിക്കാനും നിശബ്ദത പാലിക്കാനും നിയമപരമായി വീണയ്ക്ക് അവകാശമുണ്ടെന്നും  ഓര്‍മ്മിപ്പിച്ചു.

തന്റെ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞ മെയ് 27ന് ഇഡി നടത്തിയ റെയ്ഡിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിണറായി വിജയന്റെ ഇടപാടാണെന്ന് പറയാന്‍ അവര്‍ സുഹൃത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നാണ് സുഹൃത്ത് മറുപടി നല്‍കിയത്. മകളെ പ്രതിയാക്കണോ എന്ന് ചോദിച്ചായിരുന്നു ഇ ഡി യുടെ ഭീഷണിപ്പെടുത്തലെന്നും റിയാസ് ആരോപിച്ചു. എല്ലാവര്‍ക്കും ഇ ഡി യെ പേടിയാണെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരെ പേടിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

എത്ര വേട്ടയാടിയാലും ബി ജെ പി ക്കെതിരെയുള്ള പോരാട്ടം തുടരും. ഇ ഡി ക്ക് മുന്‍പില്‍ പതറിപ്പോകുന്ന പ്രശ്‌നമില്ല. ഒരിക്കല്‍ സത്യം പുറത്തുവരിക തന്നെ ചെയ്യും. ഇ ഡി യുടെ റെയ്ഡുകളില്‍ നിന്ന് ഇതുവരെ എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ വെല്ലുവിളിച്ചു. ‘ചുവന്ന ഡയറി’ ഉണ്ട് എന്ന് ഇ ഡി പറയുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് അവര്‍ അന്വേഷിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇല്ലാത്ത മൊഴികള്‍ നല്‍കി എന്ന് പ്രചരിപ്പിച്ച് തന്നെയും ഭാര്യയെയും വേട്ടയാടുകയാണ് ചെയ്യുന്നത്. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്നുന്നതിന് തുല്യമാണിത്. രാഹുല്‍ ഗാന്ധിക്കെതിരെ ഇ ഡി ഇതുപോലെ മൊഴിയുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്തായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കണം. കെട്ടിച്ചമച്ച കഥകളെയും ഇ ഡി യുടെ ഇത്തരം നിലപാടുകളെയും നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!