സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

കൊയിലാണ്ടി: കോഴിക്കോട് – കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പൊയില്‍ക്കാവ് സ്വദേശിനി ലീലയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കാലിനാണ് പരിക്കേറ്റിരിക്കുന്നത്.
ഇന്ന് വൈകീട്ട് നാല് മണിയോടെ പൊയില്‍ക്കാവ് ബസ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഇറങ്ങാനായി ഓട്ടോമാറ്റിക് ഡോര്‍ തുറന്ന് ബസ്സ് നിര്‍ത്തുന്നതിനിടയില്‍ ലീല പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടനെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാലിലെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.












