രാഹുല്‍ ഗാന്ധി ഇന്ന് കൊയിലാണ്ടിയില്‍ : 3 മണിമുതല്‍ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ. പ്രവീണ്‍ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കൊയിലാണ്ടിയില്‍ എത്തും. വൈകിട്ട് നാലിന് കൊയിലാണ്ടിയില്‍ റോഡ് ഷോ നടത്തും.
പഴയ ചിത്ര ടാക്കീസിന് സമീപത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോ കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സമാപിക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങള്‍, കെപിസിസി ആക്ടിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ റോഡ് ഷോയില്‍ അണിനിരക്കും.
രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ നടക്കുന്നതിനാല്‍ കൊയിലാണ്ടി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വൈകുന്നേരം മൂന്ന് മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വടകര ഭാഗത്ത് നിന്നു കോഴിക്കോടേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ പയ്യോളി-പേരാമ്പ്ര വഴി കോഴിക്കോടേക്ക് പോകണം. ചെറിയ വാഹനങ്ങള്‍ നന്തി-ചെങ്ങോട്ട് കാവ് ബൈപ്പാസ് വഴി തിരിച്ചു വിടും.
കോഴിക്കോട് ഭാഗത്ത് നിന്നു വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വൈകുന്നേരം മൂന്നു മണിയോടെ തിരുവങ്ങൂരിന് മുന്‍പ് ബൈപ്പാസില്‍ നിര്‍ത്തിയിടണം. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ അവസാനിച്ച ശേഷം വാഹനങ്ങള്‍ കുനിയില്‍ക്കടവ് വഴി കടത്തി വിടുമെന്നും അധികൃതര്‍ അറിയിച്ചു.









