കെ.പി.ഉണ്ണികൃഷ്ണന്റെ വിയോഗത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചിച്ചു

മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഴയകാല സഹപ്രവര്‍ത്തകനുമായ കെ.പി.ഉണ്ണികൃഷ്ണന്റെ വിയോഗത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം ദുഃഖം രേഖപ്പെടുത്തി.

കോണ്‍ഗ്രസിനെതിരെ ഒരു ദേശീയ ബദല്‍ മുന്നണിയെന്ന ആശയത്തിന് തന്ത്രപരമായി രൂപം നല്‍കിയ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു കെ.പി.ഉണ്ണികൃഷ്ണന്‍. വി.പി സിംഗിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ ദേശീയതലത്തില്‍ വിവിധ പാര്‍ട്ടികളുടെ ഏകോപനം സാധ്യമാക്കി അത് വിജയത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് സാധിച്ചു. ആ മന്ത്രിസഭയില്‍ ഉപരതല ഗതാഗതമന്ത്രിയായ അദ്ദേഹത്തിന്റെ കാലത്താണ് വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള ദേശീയപാത ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

വടകര പാര്‍ലമെന്റ് മണ്ഡലത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടൊയുള്ള പദ്ധതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ വനം മന്ത്രിയായി ചുമതലയേറ്റ സമയത്ത് തന്നെ, ഇപ്പോള്‍ തറക്കല്ലിട്ട പേരാമ്പ്ര മുതുകാടിലെ കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന് അതിന്റെ സാധ്യതയെപ്പറ്റി എന്നോട് സൂചിപ്പിച്ചത് കെ.പി ഉണ്ണികൃഷ്ണനായിരുന്നു. പാര്‍ലിമെന്ററി രംഗത്ത് നിന്നും വിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്റെ പഴയ നിയോജക മണ്ഡലത്തിന്റെ വികസന താല്‍പര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ എത്രത്തോളം ഉണ്ട് എന്നതിന്റെ ഉദാഹരമാണിത്.

ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ അശാന്തിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഇറാഖ് – കുവൈത്ത് യുദ്ധകാലത്ത് കുവൈത്തില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ കെ.പി ഉണ്ണികൃഷ്ണന്‍ വഹിച്ച നേതൃപരമായ പങ്ക് എന്നും ഓര്‍മ്മിക്കപ്പെടും.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ കെ.പി ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്താനായി 1991-ല്‍ വടകരയില്‍ കോലീബി സഖ്യം പൊതുസ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത് കേരളരാഷ്ട്രീയത്തിലെ എക്കാലത്തെയും ചര്‍ച്ച വിഷയങ്ങളിലൊന്നാണ്. എന്നാല്‍ ആ അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത വടകരയിലെ ജനങ്ങള്‍ കാണിച്ചു.

കോണ്‍ഗ്രസ് എസില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ക്കെ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി സഹോദരതുല്യമായ ആത്മബന്ധം അദ്ദേഹവുമായി കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഔപചാരികതയുടെ പരിവേഷമായിരുന്നില്ല ആത്മാര്‍ത്ഥതയുടെ പരിശുദ്ധിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിജയരഹസ്യം. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ നിറസാന്നിധ്യമായിരുന്ന കെ.പി.ഉണ്ണികൃഷ്ണന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!