വയനാട് ടൗൺഷിപ്പ് നാടിൻറെ ഒരുമയുടെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ കൈമാറിയത്. വയനാട് ടൗൺഷിപ്പ് നാടിൻറെ ഒരുമയുടെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുൻപ് മുഴുവൻ ദുരിതബാധിതർക്കും സ്വന്തം വീടും ഭൂമിയും നൽകും.
ഇന്ന്, ഇങ്ങനെയൊരു ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്നം എന്ന കാര്യം. അപ്രതീക്ഷിതമായി ഒരു രാത്രികൊണ്ട് ഒരു നാടാകെ ഇല്ലാതായ അവസ്ഥയാണ് ദുരന്തത്തിലൂടെ ഉണ്ടായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്.
ഏതു നാടും പകച്ചുനിൽക്കുന്ന ഒരവസ്ഥ. അവിടെനിന്നാണ് നമ്മൾ ആരംഭിച്ചത്. മാനസികമായ വേദനകൾ മരുന്നുകൾ കൊണ്ട് ഇല്ലാതാക്കാൻ നമുക്ക് കഴിയില്ല. പക്ഷെ ആ വേദനകളിൽ പരസ്പരം ആശ്വാസമാകാൻ കഴിയും. പല നഷ്ടങ്ങളും നികത്താൻ നമുക്കാകില്ല. പക്ഷേ സാമീപ്യംകൊണ്ട് മനുഷ്യരെ ആ നഷ്ടത്തിന്റെ ആഘാതത്തിൽ നിന്നും പതിയെ പുറത്തുവരാൻ സഹായിക്കാൻ കഴിയും. അതൊക്കെയാണ് മനുഷ്യത്വത്തിന്റെ സവിശേഷത. ആ സവിശേഷതയാണ് മുണ്ടക്കൈ – ചൂരൽമല അതിജീവനത്തിൽ നമ്മൾ കണ്ടത്. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തിന്റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു. അതായിരുന്നു ഈ അതിജീവനം മുഖ്യമന്ത്രി പറഞ്ഞു.









