റിപ്പബ്ലിക് ദിനം ജില്ലാതല ആഘോഷം: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി


കോഴിക്കോട്: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കളക്‌റേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജനുവരി 26-ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയിലാണ് ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടക്കുക. വിവിധ വിഭാഗങ്ങളുടെ പരേഡ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, പരേഡിനുള്ള മൈതാനം സജ്ജമാക്കല്‍ തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.
ജനുവരി 22-നും 23-നും പരേഡ് റിഹേഴ്‌സലും 24-ന് അന്തിമ ഡ്രസ് റിഹേഴ്‌സലും നടക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, സ്‌കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക. യോഗത്തില്‍ സബ് കളക്ടര്‍ എസ് ഗൗതം രാജ്, റൂറല്‍ എസ് പി ഇ കെ ബൈജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







