മികച്ച പഠനാന്തരീക്ഷവും എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരവും ഉറപ്പാക്കും – മന്ത്രി വി ശിവന്‍കുട്ടി


കൂടുതല്‍ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നീറ്റ് യു ജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ദീപ്നിയ ബാബുവിനെ ആദരിക്കുന്ന ‘ദീപ്തം 25’ ചടങ്ങ് ആവള-കുട്ടോത്ത് ജിഎച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മേഖലയുടെ ശക്തി വിളിച്ചോതുന്ന ഉദാഹരണമാണ് ദീപ്നിയയെന്നും കേരളത്തിന്റെ വിദ്യാഭ്യാസ രംഗം എക്കാലവും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാന സൗകര്യങ്ങളിലും പഠന നിലവാരത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകം അംഗീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍ സജീവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ഷിജിത്ത്, ജില്ലാപഞ്ചായത്ത് അംഗം സി എം ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, സ്കൂള്‍ പ്രധാനധ്യാപകന് വി കെ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.











