ഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: നൽകിയ വിവരങ്ങൾ ഏപ്രിൽ 21 വരെ തിരുത്താം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തേക്കുള്ള ഓൺലൈൻ ജനറൽ ട്രാൻസ്ഫറിനു മുന്നോടിയായി അധ്യാപകർക്ക് അവരുടെ പ്രൊഫൈൽ വിവരങ്ങൾ നൽകാനും നൽകിയ വിവരങ്ങൾ പരിശോധിച്ച് തിരുത്താനും ഏപ്രിൽ 21 (തിങ്കൾ) ഉച്ചയ്ക്ക് 2 മണി വരെ അവസരം ഉണ്ടായിരിക്കും. ഏപ്രിൽ 21 നകം പ്രിൻസിപ്പൽമാർ ഈ വിവരങ്ങൾ പരിശോധിച്ച് സ്‌കൂളുകളിൽ നിന്നുള്ള കൃത്യമായ ഒഴിവ് റിപ്പോർട്ട് ചെയ്യണം. സ്‌കൂളിലെ എല്ലാ അധ്യാപകരുടേയും പ്രൊഫൈൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്തു എന്നും വെരിഫൈ ചെയ്തു എന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം കൃത്യമായ ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന ഉത്തരവാദിത്വം പ്രിൻസിപ്പൽമാർക്കായതിനാൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ട്രാൻസ്ഫർ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റാഫ് ഫിക്‌സേഷന് ശേഷം കൃത്യമായ സ്‌കൂളുകൾ കണ്ടെത്താൻ പറ്റാത്ത അധ്യാപകർ, പ്രിൻസിപ്പൽ ട്രാൻസ്ഫർ വഴി അധികമായി നിൽക്കുന്ന അധ്യാപകർ തുടങ്ങിയവരുൾപ്പെടെ ട്രാൻസ്ഫർ പോർട്ടലിൽ ഉൾപ്പെടുത്താനുള്ള സാങ്കേതിക നടപടിക്രമങ്ങളും പോർട്ടലിൽ പുതുതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സർക്കുലറുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, സ്ഥിരമായി ഉന്നയിക്കുന്ന സംശയങ്ങളും മറുപടികളും തുടങ്ങിയവ www.dhsetransfer.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.
സർക്കാർ ദന്തൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ പിഡോഡോണ്ടിക്സ് വിഭാഗത്തിലേയ്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പിഡോഡോണ്ടിക്സ് വിഭാഗത്തിൽ എം.ഡി.എസ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-40.
ഉദ്യോഗാർത്ഥികളുടെ വയസ്സ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഏപ്രിൽ 25 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഉദ്യോഗാർത്ഥികൾ ഹാജരാകണം. നിയമന കാലാവധി ഒരു വർഷത്തേക്കോ അഥവാ സി.ബി.എസ് സീനിയർ റസിഡന്റിനെ നിയമിക്കുന്നത് വരെയോ ഇതിലേതാണ് ആദ്യം വരുന്നത് അതുവരെ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു
എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേയ്ക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ
2025-26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി കോഴ്‌സിലേയ്ക്കുളള കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെയുള്ള തീയതികളിൽ നടക്കും. മേൽ സാഹചര്യത്തിൽ ഏപ്രിൽ 23 മുതൽ 29 വരെയുള്ള തീയതികളിൽ മറ്റ് പ്രവേശന പരീക്ഷകളിൽ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളിൽ മാറ്റം ആവശ്യപ്പെട്ട് ഇ-മെയിൽ മുഖേനയോ, നേരിട്ടോ ഏപ്രിൽ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവർക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാർഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവർ ‘centre change complaint’ എന്ന വിഷയം പരാമർശിച്ച് ഏപ്രിൽ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമർശിക്കാത്തതും ഏപ്രിൽ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോൺ: 04712525300.





