ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ശുചീകരണത്തിലൂടെ ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി


മേപ്പയ്യൂര്‍: നീര്‍ച്ചാലുകളുടെയും ജല സ്രോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന് ആരംഭിച്ച ഇനി ഞാനൊഴുകട്ടെ ജനകീയ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ശുചീകരിച്ചു കൊണ്ട് ടി പി രാമകൃഷ്ണന് എംഎല്‍എ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാലിന്യ മുക്ത പ്രദേശങ്ങള്‍ക്കായുളള ഇത്തരം മുന്നേറ്റത്തില്‍ ജനങ്ങളും അണിചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് എന്നിവര്‍ മുഖ്യാതിഥികളായി. ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ് ക്യാമ്പയിന് വിശദീകരിച്ചു സംസാരിച്ചു.
മൈത്രി നഗറില്‍ ആരംഭിച്ച് നരിക്കുനി പാലം വരെയുളള 2.1 കി മീ ദൂരമാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ശുചീകരിച്ചത്. തുടര്‍ന്ന് തോടിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്സ് (ജിസിസി), എന്‍ എസ് എസ് യൂണിറ്റ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി ആയിരങ്ങള്‍ ശുചീകരണത്തില്‍ പങ്കാളികളായി.





