അഭിരുചിക്കനുസൃതമായ തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കാന്‍ കൂട്ടായ പരിശ്രമം വേണം: ജില്ലാ കലക്ടര്‍

മാതൃക പ്ലെയ്സ്മെന്റ് സെല്‍; ഐഐഎം നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിച്ചു
ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള തൊഴിലുകള്‍ കണ്ടെത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ഉദ്യോഗജോതി പദ്ധതിയുടെ ഭാഗമായി ഐഐഎം കോഴിക്കോടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. പുതിയ കാലത്ത് ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖല സംബന്ധിച്ച പരിചയം പ്രധാനപ്പെട്ടതാണ്. അതിനു സഹായിക്കുന്ന ഇന്റേണ്‍ഷിപ്പ്, ഫെലോഷിപ്പ് തുടങ്ങിയ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അവസരങ്ങള്‍ ഉണ്ടാകണം. ഇതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന അധികൃതരും വ്യവസായ വാണിജ്യ രംഗത്തുള്ളവരും ഒരുപോലെ മുന്നോട്ട് വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോളേജുകളിലെ പ്ലേസ്മെന്റ് സെല്ലുകള്‍ക്ക് നിര്‍ണ്ണായക പങ്കാണ് ഇതില്‍ നിര്‍വഹിക്കാനുള്ളത്. വിദ്യാര്‍ത്ഥികളെ കൂടെ ഉപയോഗപ്പെടുത്തിയാകണം പ്ലേസ്മെന്റ് സെല്ലുകള്‍ പ്രവര്‍ത്തിക്കേണ്ടത്. വിദ്യാര്‍ത്ഥികളുടെ അഭിരുചികളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിക്കണം. പ്ലേസ്മെന്റ് സെല്ലുകളുടെ ഘടനയിലും പ്രവര്‍ത്തനത്തിലും കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശില്പശാലയ്ക്ക് ഐ.ഐ.എം. കോഴിക്കോട് പ്ലെയ്സ്മെന്റ് സെന്ററായ ‘കെയര്‍’ ചെയര്‍പേഴ്സണ്‍ പ്രൊഫ. ഡോ. രൂപക് ഗുപ്ത, കാതറിന് ജൈബി, രവീന്ദ്രന് പി.കെ. തുടങ്ങിയവര്‍ നേതൃത്വം നല്കി.
തൊഴില്‍ രംഗത്ത് നേരിടുന്ന പ്രതിസന്ധികള്‍ ലഘൂകരിച്ച് തങ്ങളുടെ അഭിരുചിക്ക് അനുയോജ്യവും വിഷയാധഷ്ഠിതവുമായ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, തൊഴില്‍ പ്രവേശനം എളുപ്പമാക്കുന്ന നൈപുണ്യ വികസനം സാധ്യമാക്കുക, വ്യവസായ – വാണിജ്യ സ്ഥാപനങ്ങളും കോളേജുകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക തുടങ്ങിയവ ലക്ഷ്യമാക്കി ജില്ലാ ഭരണകൂടത്തിന്റെയും മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സിറ്റി 2.0 യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് ‘ഉദ്യോഗജ്യോതി’.
വ്യവസ്ഥാപിതവും കേന്ദ്രീകൃതവുമായ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കുക, കൃത്യമായ ഡാറ്റാബേസ് പരിപാലിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പ്ലെയ്സ്മെന്റ് സംവിധാനങ്ങള്‍ ക്രമീകരിക്കുക, ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സമഗ്രമായ പ്രൊഫൈലുകള്‍ സൂക്ഷിക്കുക, നൈപുണ്യ മേഖലയില്‍ പിന്തുണ ആവശ്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി സവിശേഷ പരിശീലന പരിപാടികള്‍ ഒരുക്കുക, പുതിയ കാലത്തെ സാധ്യതകളും വെല്ലുവിളികളും അവരെ ബോധ്യപ്പെടുത്തുക, ക്യാമ്പസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ശൃംഖലകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ബഹുമുഖ ശ്രമങ്ങളാണ് പരിപാടിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്.
ക്യാമ്പസിലെ പരമാവധി വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചികള്‍ക്ക് അനുയോജ്യമായ ഉദ്യോഗം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പുതിയ കാലത്തെ സാങ്കേതിക വികാസങ്ങളിലെ പരിചയം ഉള്‍പ്പെടെയുള്ള നൂതന നൈപുണ്യ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കോളേജുകള്‍ക്ക് കോഴിക്കോട് ഐ.ഐ.എമ്മില്‍ തുടര്‍ പരിശീലന പരിപാടികള്‍ ഒരുക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാലയില് സബ് കലക്ടര്‍ ഇന്‍ചാര്‍ജ് ആയുഷ് ഗോയല്‍, മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സിറ്റി 2.0 (കാലിക്കറ്റ് ഇന്നവേഷന്‍ & ടെക്നോളജി ഇനീഷ്യേറ്റീവ്) പ്രൊജക്ട് ചെയര്മാന് അജയ് കെ. ആനാറ്റ്, മലബാര്‍ ഗ്രൂപ്പ് ട്വാലന്റ് അക്വിസിഷന്‍ പ്രതിനിധി വരുണ്‍ കൊണ്ടോത്ത്, യു.എല്‍.ടി.എസ് പ്രതിനിധി ജയദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ കോളേജുകളില്‍ നിന്നുള്ള പ്ലെയ്സ്മെന്റ് സെല്‍ പ്രതിനിധികള്‍ ശില്പശാലയില് പങ്കെടുത്തു.




