മലയാളഭാഷയെ അഭിവൃദ്ധിപ്പെടുത്താനും സംരക്ഷിക്കാനും ഓരോരുത്തര്‍ക്കും കഴിയണമെന്ന് മുഖ്യമന്ത്രി

മലയാളഭാഷയെ അഭിവൃദ്ധിപ്പെടുത്താനും സംരക്ഷിക്കാനും ഓരോരുത്തര്‍ക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിന്ധിഘട്ടങ്ങളില്‍ ലോകത്തിനാകെ മാതൃകയായ നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം മാതൃഭാഷയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പും വിവര-പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ സാംസ്‌കാരിക കലാരൂപങ്ങള്‍ മാതൃഭാഷയില്‍ സംവദിക്കുന്നതുകൊണ്ടാണ് അവയ്ക്ക് കൂടുതല്‍ ജനകീയത കൈവരുന്നത്. പുരോഗമനപരമായ ആശയങ്ങള്‍ പൊതുസമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിലും പൊതുസമൂഹത്തെ പുരോഗമനോന്മുഖമായി പരിവര്‍ത്തിപ്പിക്കുന്നതിലും മാതൃഭാഷയ്ക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്. ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിജ്ഞാനവിതരണം സുഗമമാകണമെങ്കില്‍ ഏറ്റവും ശക്തിപ്പെടേണ്ട ഒന്നാണ് മാതൃഭാഷയുടെ ഉപയോഗം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും അറിവ് എത്തിക്കാന്‍ മാതൃഭാഷയോളം മികവുറ്റ മറ്റൊരു ഉപാധിയില്ല. അത് മനസ്സില്‍ വെച്ചുകൊണ്ട് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമമേഖലകളില്‍ ഉള്‍പ്പെടെ ലോകത്തിനാകെ മാതൃകയാകുന്ന നിരവധി സംഭാവനകള്‍ നല്‍കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ലോകമാകെ പടര്‍ന്നുപന്തലിച്ച ഒരു വലിയ ജനസമൂഹമായും അങ്ങനെ ലോകത്താകമാനമുള്ള വിവിധ രാജ്യങ്ങളുടെ സാമൂഹിക – സാമ്പത്തിക വികാസങ്ങളില്‍ വലിയ സംഭാവന നല്‍കുന്നവരായും മലയാളികള്‍ മാറിയിട്ടുണ്ട്. ഇത്തരത്തില്‍ ലോകമാകെ വ്യാപിച്ചുകിടക്കുമ്പോഴും കേരളത്തോടും മലയാള ഭാഷയോടും ഒക്കെ വലിയ കരുതലുള്ളവരാണ് മലയാളികള്‍.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കുന്നതില്‍ നമ്മുടെ ഭാഷാവൈവിധ്യം വഹിച്ച പങ്ക് വളരെ വലുതാണ്. ആ ഭാഷാവൈവിധ്യത്തെ തച്ചുടച്ചുകൊണ്ട് ഏക ഭാഷയിലേക്ക് രാജ്യത്തെ ചുരുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഭരണഘടനാപരമായി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള നിലയിലല്ലാതെ ചില ഭാഷകളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അത്തരത്തില്‍ നിര്‍ബന്ധപൂര്‍ണ്ണമായ ഒരു അടിച്ചേല്‍പ്പിക്കല്‍ ഉണ്ടായാല്‍ നമ്മുടെ ഭാഷ ഇല്ലാതാകും. അതുവഴി സംസ്‌കാരവും ഇല്ലാതാകും. അത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതില്‍ ഓരോ മലയാളിക്കും വലിയ ഉത്തരവാദിത്വമുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളില്‍ നാം കാണിക്കുന്ന ഐക്യം ലോകത്തിനാകെ മാതൃകയാണ്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മലയാളികള്‍ ഒരേ മനസ്സോടെ കൈകോര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഹായങ്ങള്‍ പ്രവഹിക്കുകയാണ്. നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങള്‍ നമ്മിലുണ്ടാക്കിയ സഹജാവബോധവും രാഷ്ട്രീയവും സാമൂഹികവുമായി നാം കൈവരിച്ച നേട്ടങ്ങളും എല്ലാം നമ്മുടെ ഈ ഐക്യത്തിന് കാരണമായിട്ടുണ്ട്. ആത്യന്തികമായി നമ്മുടെ ഐക്യത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുന്നത് നമ്മുടെ മാതൃഭാഷ തന്നെയാണ്. സംസാരിക്കുന്നവരെയെല്ലാം ഒറ്റക്കെട്ടായി നിര്‍ത്തുന്ന ഏറ്റവും അടിസ്ഥാനപരമായ ഘടകം മാതൃഭാഷയാണ്. അതുകൊണ്ടുതന്നെ മാതൃഭാഷ നഷ്ടമായാല്‍ നമ്മുടെ നാടിന്റെ ഐക്യവും ഒരുമയും എല്ലാം ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു

ചടങ്ങില്‍ മലയാളഭാഷാ പരിപോഷണത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഏഴാച്ചേരി രാമചന്ദ്രനേയും ഡോ. നടുവട്ടം ഗോപാലകൃഷ്ണനേയും കേരള സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി ആദരിച്ചു. സമകാലിക ജനപഥം ഭരണഭാഷാ പതിപ്പിന്റേയും സര്‍ക്കാര്‍ കലണ്ടറിന്റേയും പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള സര്‍വകലാശാല മലയാള വിഭാഗം പ്രൊഫ ഡോ സി ആര്‍ പ്രസാദ് മുഖ്യപ്രഭാഷണവും ഏഴാച്ചേരി രാമചന്ദ്രനും ഡോ. നടുവട്ടം ഗോപാലകൃഷ്ണനും പ്രഭാഷണവും നടത്തി. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!