ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി കൊല്ലാൻ ശ്രമം: കോരപ്പുഴ പാലത്തിന് സമീപം മൂന്നു പേർ ട്രാക്കിൽ മരിച്ച നിലയിൽ

ട്രെയിനില്‍ തീകൊളുത്തിയ സംഭവം 3 പേര്‍ മരിച്ചു, ഇന്നലെ രാത്രി ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ യാത്രാമധ്യേ എലത്തൂരില്‍ വെച്ച് യാത്രക്കാരെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചസംഭവത്തില്‍. എലത്തൂര്‍ പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കള്‍ പുലര്‍ച്ചെ ഒന്നരയോടെ മട്ടന്നൂര്‍ സ്വദേശിനി റഹ്മത്ത്, സഹോദരിയുടെ മകള്‍ രണ്ടര വയസുകാരി സുഹറ എന്നിവരുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒമ്പത് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഞായര്‍ രാത്രി 9.10ന് ട്രെയിന്‍ എലത്തൂര്‍ കോരപ്പുഴ പാലത്തിന് മുകളിലെത്തിയപ്പോഴാണ് ഡി വണ്‍ കോച്ചില്‍ യാത്രക്കാരന്‍ പെട്രോള്‍ സ്പ്രേ ചെയ്ത് തീകൊളുത്തിയത്. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. തീ കൊളുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അഞ്ചുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നുപേര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ചികിത്സയിലാണ്. പൊള്ളലേറ്റ ഒരാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു ബോഗിയില്‍ നിന്നെത്തിയ അക്രമി ഒരു പ്രകോപനവുമില്ലാതെ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ സ്പ്രേ ചെയ്ത് തീകൊളുത്തുകയായിരുന്നു. തീ സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്ക് പടര്‍ന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ മറ്റു കംപാര്‍ട്ട്മെന്റുകളിക്കേ് ഓടി. ഇതിനിടെ യാത്രക്കാരിലൊരാള്‍ അപായ ചങ്ങല വലിച്ചു. അക്രമിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസും റെയില്‍വേ പൊലീസും അറിയിച്ചു.

പരിക്കേറ്റ കതിരൂര്‍ പൊയ്യില്‍ ഹൗസില്‍ അനില്‍കുമാര്‍ (50), ഭാര്യ സജിഷ (47), മകന്‍ അദ്വെത് (21), മണ്ണൂത്തി മാനാട്ടില്‍ വീട്ടില്‍ അശ്വതി (29), തളിപ്പറമ്പില്‍ നീലിമ ഹൗസില്‍ റൂബി (52) എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), തൃശൂര്‍ സ്വദേശി പ്രിന്‍സ് (35), കണ്ണൂര്‍ സ്വദേശി പ്രകാശന്‍ (34) എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ്. ഒരാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സയിലുണ്ട്.

സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണ, എസിപി ബി ബിജുരാജ് എന്നിവര്‍ സ്ഥലത്തെത്തി. രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം എലത്തൂര്‍ സ്റ്റേഷനില്‍ ചേര്‍ന്നു. അപകടവിവരമറിഞ്ഞയുടനെ റെയില്‍വേ പൊലീസ് ഫയര്‍ഫോഴ്സിന്റെ സഹായം തേടി. ഉടന്‍ തന്നെ കോഴിക്കോട് ബീച്ച്, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്നും ഫയര്‍ യൂണിറ്റും എലത്തൂര്‍ പൊലീസും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!